യുഎസ് ആക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി. നിലവിലെ സംഘര്‍ഷത്തിലൂടെ ഇറാന്‍ തന്ത്രപരമായി കൂടുതല്‍ ശക്തമായ നിലയിലെത്തിയെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ തന്ത്രപ്രധാന ആയുധമെന്നും അരഗ്ച്ചി പറഞ്ഞു
ടെഹ്‌റാന്‍: ഇറാനെതിരെ വലിയ തോതിലുള്ള ആക്രമണം ഉടന്‍ എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ബുദ്ധിശൂന്യമായ ആക്രമണത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാനിലെ സുപ്രധാന നഗരങ്ങളില്‍ പതിമൂന്നാം ദിവസവും അമേരിക്ക ആക്രമണം തുടരുകയാണ്. ക്രൂഡ് വില നൂറ് ഡോളര്‍ കടന്നത് അതീവ ഗുരുതര സാഹചര്യമെന്ന് യുഎന്‍ വിലയിരുത്തി.
അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ നിന്ന് ഇറാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും ഹോര്‍മുസ് കടലിടുക്കിനെ തന്ത്രപ്രധാനമായ പ്രതിരോധമാര്‍ഗ്ഗമായി ഉപയോഗിക്കാനുള്ള രാജ്യത്തിന്റെ ശേഷി ലോകം ഇപ്പോള്‍ അംഗീകരിക്കുന്നുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അവകാശപ്പെട്ടു. അതോടൊപ്പം ഇറാന്റെ ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും ‘വില്‍പനയ്ക്കുള്ളതല്ല’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ഡോക്യുമെന്ററി നിര്‍മ്മാതാവ് ജവാദ് മോഗൂയിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം യുദ്ധത്തിന്റെ ആദ്യ നാളുകളിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും ഇറാന്റെ സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും തുറന്നുപറഞ്ഞത്.
യുദ്ധത്തിന്റെ തുടക്കത്തില്‍ നേതാക്കള്‍ തമ്മിലുള്ള ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നുവെന്നും ആരെല്ലാം ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും അരഗ്ചി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെത്തി ഏകദേശം മൂന്ന് ദിവസത്തോളം ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വന്നു. സഹപ്രവര്‍ത്തകരില്‍ ആരൊക്കെ ജീവനോടെയുണ്ട്, കൊല്ലപ്പെട്ടു എന്ന് കണ്ടെത്താനായിരുന്നു ശ്രമം. യുദ്ധം തുടങ്ങി മൂന്ന് ദിവസത്തിന് ശേഷമാണ് പ്രസിഡന്റിനെ കാണാന്‍ സാധിച്ചത്. ആറാം ദിവസം സുരക്ഷിതമായ ഒരിടത്ത് വെച്ച് നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത മൂന്ന് പ്രമുഖ നേതാക്കള്‍ പിന്നീട് കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
കണ്ണിന് കണ്ണെന്നാണ് ഇറാന്‍ നിലപാടെങ്കില്‍, കണ്ണിന് പകരം തലയെന്നാണ് തങ്ങളുടെ നിലപാടെന്ന് അമേരിക്ക | USA
‘കോഡ് 110’ വെളിപ്പെടുത്തി അരഗ്ചി
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്ക് നേരെ ആക്രമണമുണ്ടായാല്‍ നേരിടാനായി ഇറാന്‍ മുന്‍കൂട്ടി അടിയന്തര പ്രതിരോധ പദ്ധതി തയ്യാറാക്കിയിരുന്നതായി വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി. ‘കോഡ് 110’ എന്നറിയപ്പെടുന്ന ഈ പ്രോട്ടോക്കോളിന് ആയത്തുള്ള അലി ഖമനെയി തന്നെ നേരിട്ട് അംഗീകാരം നല്‍കിയിരുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവര്‍ക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നതിനാല്‍, ആക്രമണം ഉണ്ടായ ഉടന്‍ തന്നെ പ്രതിരോധവും ആരംഭിച്ചെന്ന് അരഗ്ചി പറഞ്ഞു.
സൈനിക സമ്മര്‍ദ്ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി രാജ്യം യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് അരഗ്ചി വ്യക്തമാക്കി. തങ്ങളുടെ ആണവ പദ്ധതി ‘വില്‍പനയ്ക്കുള്ളതല്ലെ’ന്നും വിദേശ രാജ്യങ്ങള്‍ നല്‍കുന്ന യാതൊരു ആനുകൂല്യങ്ങളും ഇതിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിട്ടും ഇറാന്റെ നിലപാടുകളില്‍ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചു. ഭീഷണികള്‍ക്കോ മറ്റ് വാഗ്ദാനങ്ങള്‍ക്കോ ഇറാനെ കീഴടക്കാനാവില്ല. പുതിയ അടിസ്ഥാന സൗകര്യങ്ങളോ വൈദ്യുത നിലയങ്ങളോ നിര്‍മ്മിച്ചു നല്‍കാമെന്ന പ്രലോഭനങ്ങള്‍ക്ക് ഇറാന്‍ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷമായി ജനങ്ങള്‍ ഉപരോധങ്ങള്‍ സഹിച്ചും ആണവശാസ്ത്രജ്ഞര്‍ രക്തം ചിന്തിയുമാണ് ഈ പദ്ധതി കെട്ടിപ്പടുത്തത്. ഇറാന് ഭയമില്ല. ഭയമുള്ളവരെ മാത്രമേ ഭീഷണിപ്പെടുത്താന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസ് എന്ന ആണവായുധം
നിലവിലെ സംഘര്‍ഷത്തിലൂടെ ഇറാന്‍ തന്ത്രപരമായി കൂടുതല്‍ ശക്തമായ നിലയിലെത്തിയെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ തന്ത്രപ്രധാന ആയുധമെന്നും അരഗ്ച്ചി പറഞ്ഞു. ഇറാന്റെ ഏറ്റവും വലിയ തന്ത്രപ്രധാനമായ ആയുധം ആണവായുധമല്ലെന്നും മറിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സമുദ്ര വ്യാപാരത്തെ സ്വാധീനിക്കാനുള്ള ശേഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘നിങ്ങളുടെ അണുബോംബ് ഹോര്‍മുസ് കടലിടുക്കാണെന്ന് ഞങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു. ഇറാന്‍ ശക്തമാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതായിരിക്കും യഥാര്‍ത്ഥത്തില്‍ നമ്മുടെ ഏറ്റവും വലിയ വിജയം.’ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയെച്ചൊല്ലി ടെഹ്റാനും വാഷിംഗ്ടണും തമ്മില്‍ കടുത്ത പിരിമുറുക്കം നിലനില്‍ക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.




