സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; എംബാം നടപടികള്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കും

സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇന്നലെ രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിക്കും. റോഡ് മാര്‍ഗമാണ് സിക്കിമില്‍ നിന്നും മൃതദേഹം കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരുന്നത്.

കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മൃതേദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈല്‍ യൂണിറ്റ് നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ചിട്ടുണ്ട്. എംബാം ചെയ്തു കഴിഞ്ഞാല്‍ ഏറ്റവും അടുത്ത വിമാനത്തില്‍ മൃതദേഹം കൊച്ചിയില്‍ എത്തിക്കും. കൊച്ചി വിമാനത്താവത്തില്‍ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദ്ദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക എല്ലാ പ്രവര്‍ത്തനങ്ങളും എകോപിപ്പിക്കുന്നുണ്ട്.

Scroll to Top