സസ്‌പെന്‍ഷന് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി; പി. വിജയന് ക്ലീന്‍ ചിറ്റ്; പുണ്യം പൂങ്കാവനം പദ്ധതി തുടരാമെന്ന് സര്‍ക്കാര്‍

ശബരിമലയില്‍ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ മാലിന്യ മാറ്റവും ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന സേവനവും ഉള്‍പ്പെടെയാണ് പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായിരുന്നത്.
തിരുവനന്തപുരം: സസ്‌പെന്‍ഷന് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയില്‍ നടപ്പാക്കിയിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയില്‍ നോഡല്‍ ഓഫീസര്‍ പി വിജയനെതിരെ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍. പി.വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവില്‍ പുണ്യം പൂങ്കാവനം തുടരാനും അനുമതി നല്‍കി. ശബരിമലയില്‍ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ മാലിന്യ മാറ്റവും ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന സേവനവും ഉള്‍പ്പെടെയാണ് പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായിരുന്നത്.

പദ്ധതിയുടെ മറവില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആര്‍. അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പി.വിജയനെതിരെ ഗുരുതര ആരോപണങ്ങളടക്കുന്ന റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ അജിത്കുമാര്‍ നല്‍കിയത്. ശബരിമല ചീഫ് കോ-ഓഡിനേറ്ററായിരുന്നു അജിത് കുമാര്‍ പുണ്യം പൂങ്കാവനം നിര്‍ത്തുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് പി വിജയന് ക്ലിന്‍ ചിറ്റ് നല്‍കി ഉത്തരവിറക്കിയത്.

പി. വിജയന്‍ നല്‍കിയ വിശദീകരണം അംഗീകരിച്ച സര്‍ക്കാര്‍ ക്രമക്കേടില്ലെന്നും ഉത്തരവില്‍ പറയുന്നു. വരുന് മണ്ഡല കാലത്ത് പുണ്യം പൂങ്കാവനം വീണ്ടും തുടങ്ങാനും നിര്‍ദ്ദേശിക്കുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന നിലയില്‍ പി. വിജയനാണ് ശബരിമലയുടെ ചുമതല. റിപ്പോര്‍ട്ട് നല്‍കിയ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായപ്പോഴാണ് മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളുകയും വിജയന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിനിടെയായിരുന്നു വിജയനെതിരായ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കൊള്ളയില്‍ വിജയന് പങ്കുണ്ടെന്ന് അജിത് കുമാര്‍ ഡിജിപിക്ക് മൊഴി നല്‍കിയിരുന്നു. ഇത് കളവാണെന്ന് തെളിഞ്ഞതോടെ അജിതിനെതിരെ നടപടി ആവശ്യപ്പെട്ട് വിജയന്‍ നല്‍കിയ പരാതി സര്‍ക്കാറിന് മുന്നിലുണ്ട്.

Scroll to Top