വ്യത്യസ്തമായ ഒരു തൊഴില്‍ മേഖല ജീവിതവഴിയായി തെരഞ്ഞെടുത്തതുകൊണ്ടാകാം തിരക്കുകള്‍ക്കിടയില്‍ യഥാസമയം നമ്മളറിയാതെ പോയത് വലിയൊരു പ്രതിഭയെക്കൂടിയാണ്
സിക്കിമില്‍ തുരങ്കത്തിലുണ്ടായ വാതക സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിയോളജിസ്റ്റും വ്‌ലോഗറും ശാസ്ത്ര ലേഖകനുമായ പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പില്‍ അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 7 മണിയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം തുടര്‍ന്ന് ആംബുലന്‍സ് മാര്‍ഗം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇടപെട്ട് നോര്‍ക്കയുടെ (NORKA) സഹായത്തോടെയാണ് മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.
അനീഷ് മോഹന് ഇന്ന് നാട് വിട ചൊല്ലി. സിക്കിമിലെ ജലവൈദ്യുതി പദ്ധതിക്കായുള്ള ടണല്‍ നിര്‍മാണ സംഘത്തിലെ ജിയോളജിസ്റ്റായി ജോലിക്കിടെയുണ്ടായ ദാരുണമായ ദുരന്തത്തിലാണ് ഈ കോട്ടയത്തുകാരന്റെ ജീവന്‍ പൊലിഞ്ഞത്. വ്യത്യസ്തമായ ഒരു തൊഴില്‍ മേഖല ജീവിതവഴിയായി തെരഞ്ഞെടുത്തതുകൊണ്ടാകാം തിരക്കുകള്‍ക്കിടയില്‍ യഥാസമയം നമ്മളറിയാതെ പോയത് വലിയൊരു പ്രതിഭയെക്കൂടിയാണ്. നാട്ടിലെത്തിച്ച ഭൗതികശരീരം ഉച്ചയോടെ സംസ്‌കരിക്കും.
നാട്ടകം ഗവണ്‍മെന്റ് കോളജില്‍ നിന്ന് റാങ്കോടെയാണ് അനീഷ് ജിയോളജിയില്‍ ബിരുദവും (2001-2004) ബിരുദാനന്തര ബിരുദവും (2004-2006) പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് മനോഹരമായി കഥകളെഴുതിയിരുന്ന ഈ പാമ്പാടി എട്ടാം മൈല്‍ സ്വദേശി സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. ശാസ്ത്രത്തെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിരവധിയാളുകള്‍ക്ക് അനീഷ് ചിരപരിചിതനായിരുന്നു.




