രാജിയില്ലെങ്കില്‍ ഡല്‍ഹി സമരക്കാരാല്‍ നിറയും’; നാളെ രാജ്യവ്യാപക മെഴുകുതിരി മാര്‍ച്ച് പ്രഖ്യാപിച്ച് CJP

രാജ്യവ്യാപക മെഴുകുതിരി മാര്‍ച്ച് പ്രഖ്യാപിച്ച് CJP. നാളെ ജില്ലാ അടിസ്ഥാനത്തില്‍ മാര്‍ച്ച് നടത്താന്‍ ആഹ്വാനം. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് നടത്താനാണ് തീരുമാനം. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു.

നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റ് മാര്‍ച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക് ആളുകളെത്തുന്നത് തുടരുകയാണ്. ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നാണ് സൂചന.

മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉച്ചയ്ക്ക് നടക്കുന്ന നിര്‍ണായക ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ സിജെപിയെ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ജന്തര്‍ മന്ദറില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ബാരിക്കേഡുകള്‍ നിരത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി 18 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചിടും.

Scroll to Top