കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും മന്ത്രിയെ മാറ്റില്ലെന്ന നിലപാടിലാണ്.
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റ് മാര്‍ച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക് ആളുകളെത്തുന്നത് തുടരുകയാണ്.
ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നാണ് സൂചന. മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉച്ചയ്ക്ക് നടക്കുന്ന നിര്‍ണായക ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ സിജെപിയെ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേസമയം, ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഡല്‍ഹി പോലീസ് തങ്ങളുടെ ആദ്യ വാര്‍ത്താസമ്മേളനം ഉടന്‍ നടത്തുമെന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ, കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും സമവായവും ചര്‍ച്ചയുമാണ് വേണ്ടതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ജന്തര്‍ മന്ദറില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ബാരിക്കേഡുകള്‍ നിരത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി 18 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചിടും.




