ആലിക്കുട്ടി മുസ്ലിയാരുടെയും കുഞ്ഞുമാസ്റ്ററുടെയും ജീവിതം മാതൃകാപരമെന്ന് അനുസ്മരണ സംഗമം

ബെദിര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെയും സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യമായിരുന്ന അബ്ദുല്‍ റഹിമാന്‍ കുഞ്ഞുമാസ്റ്ററുടെയും ജീവിതം സമൂഹത്തിന് എന്നും വഴികാട്ടിയാണെന്ന് അനുസ്മരണ സംഗമത്തില്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട് നഗരസഭ 14-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം സ്വതന്ത്ര്യ കര്‍ഷക സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി ചാല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ബി.എസ്. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.എം.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അനുസ്മരണ പ്രഭാഷണത്തില്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പാണ്ഡിത്യത്തിന്റെയും വിനയത്തിന്റെയും അപൂര്‍വ സമന്വയമായിരുന്നുവെന്നും അറിവും ആത്മീയതയും സേവനവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും പറഞ്ഞു.
ബെദിര പി.ടി.എം.എ. യു.പി. സ്‌കൂള്‍ മാനേജര്‍ സി.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ കുഞ്ഞുമാസ്റ്റര്‍ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ നിസ്വാര്‍ഥ സേവനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നുവെന്നും നാട്ടിന്റെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും അനുസ്മരിച്ചു.
കുഞ്ഞാമു ബെദിര, ഹാരിസ് ദുബായ്, മുഹമ്മദ് മാണിമൂല, മുഹമ്മദ് കുഞ്ഞി പുളിന്റടി, സുബൈര്‍ ഗുല്‍സാര്‍, നൂര്‍ മുഹമ്മദ്, സലാഹുദ്ദീന്‍ വി.വി., ഹബീബ് സി.കെ., അഷ്‌റഫ് ബംബ്രാണി, ഖാലിദ് ബി.എ., അഷ്‌റഫ് ചിക്കന്‍, ഷാഫി സി.എ. എന്നിവര്‍ പ്രസംഗിച്ചു.

Scroll to Top