സിജെപി പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗം, പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി, അമിതാധികാര പ്രയോഗത്തില്‍ ചീഫ് ജസ്റ്റിസിന്റെ താക്കീത്

സിജെപി പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതില്‍ സുരക്ഷാ സേനകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരില്‍ അമിത അധികാരം പ്രയോഗിക്കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് താക്കീത് നല്‍കി
ദില്ലി: സി ജെ പിയുടെ പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരില്‍ പൊലീസിന് അമിത അധികാരം പ്രയോഗിക്കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പൊലീസിനും കേന്ദ്ര സേനകള്‍ക്കുമെതിരെ കേസെടുക്കണമെന്ന സി ജെ പിയുടെ അടക്കം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ താക്കീത്. നാളെ വിശദമായ വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സി ആര്‍ പി എഫ് കണ്ടെത്തി. സമരക്കാര്‍ക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു എന്നാണ് സി ആര്‍ പി എഫിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്.

അതേസമയം സി ജെപി പാര്‍ലമെന്റ് മാര്‍ച്ചിനെ നേരിട്ടതില്‍ ഗുരുതര വീഴ്ചയെന്ന് ആര്‍ എ എഫ് ഇന്നലെ വിലയിരുത്തിയിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാര്‍ലമെന്റ് മാര്‍ച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തല്‍. സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആര്‍ എഫ് എഫ് വിലയിരുത്തി. മാര്‍ച്ചിനെ നിയന്ത്രിക്കാന്‍ വിന്യസിച്ച ഉദ്യോഗസ്ഥര്‍ക്ക് മതിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങള്‍ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടര്‍ന്ന് ഇനി ഒരു നിര്‍ദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗണ്‍ അടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശദവിവരങ്ങള്‍
ദില്ലിയില്‍ സി ജെ പി പാര്‍ലമെന്റ് മാര്‍ച്ചിനെ നേരിട്ടതില്‍ അടിമുടി വീഴ്ച്ചയെന്നാണ് ആര്‍ എ എഫ് വിലയിരുത്തല്‍. വിദ്യാഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യമില്ലായിരുന്നു. സേനാംഗങ്ങള വിന്യസിക്കും മുന്‍പ് മതിയായ നിര്‍ദേശങ്ങളും ചുമതലയും നല്‍കുന്നതിലും വീഴ്ച്ചയുണ്ടായി. സ്വയം സുരക്ഷയില്ലാതെ സമരക്കാരെ നേരിടുന്ന സേനാംഗങ്ങളുടെ ദൃശ്യങ്ങളും സി ആര്‍ പി എഫ് പരിശോധിച്ചു. ഇനിയൊരു നിര്‍ദേശമുണ്ടാകും വരെ പെല്ലറ്റ് ഗണ്‍, ഇലക്ട്രിക് ഷീല്‍ഡ്, ആന്‍ഡ് റയറ്റ് ഗണ്‍ എന്നിവ ഉപയോഗിക്കരുതെന്നും സേനാ നടപടികളെ വിലയിരുത്താന്‍ ആ ര്‍ എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിളിച്ച യോഗത്തില്‍ നിര്‍ദേശം നല്‍കി. ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പ്രൊഫഷണല്‍ വിലയിരുത്തലുണ്ടാകുമെന്ന് സി ആര്‍ പി എഫ് ഡി ജി ഗ്യാനേന്ദ്ര പ്രതാപ് സിങും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറില്‍ സേനംഗങ്ങള്‍ക്കും പരിക്കേറ്റു. അതേസമയം സമരത്തിനിടെ പരിക്കേറ്റ ആര്‍ എം എല്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങളറിയിച്ചു.

Scroll to Top