പോസ്റ്റ് നീക്കം ചെയ്ത സംഭവത്തില്‍ ജാഗ്രത പാലിക്കാന്‍ മെറ്റ; കേന്ദ്ര സര്‍ക്കാരിന് ഔദ്യോഗിക കത്ത്

എഐ ഓട്ടോമേറ്റഡ് ഫില്‍റ്ററുകള്‍ക്ക് സംഭവിച്ച സാങ്കേതിക തകരാറാണ് വീഡിയോ നീക്കാന്‍ കാര്യമെന്നാണ് മെറ്റയുടെ വിശദീകരണം. മെറ്റയുടെ ഈ വാദം കേന്ദ്ര ഐടി മന്ത്രാലയം പൂര്‍ണ്ണമായും തള്ളി.
ദില്ലി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നുള്ള വീഡിയോ പോസ്റ്റ് നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ ജാഗ്രത പാലിക്കുമെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് മെറ്റ കത്തയച്ചു. എഐ ഓട്ടോമേറ്റഡ് ഫില്‍റ്ററുകള്‍ക്ക് സംഭവിച്ച സാങ്കേതിക തകരാറാണ് വീഡിയോ നീക്കാന്‍ കാര്യമെന്നാണ് മെറ്റയുടെ വിശദീകരണം. എന്നാല്‍ മെറ്റയുടെ ഈ വാദം കേന്ദ്ര ഐടി മന്ത്രാലയം പൂര്‍ണ്ണമായും തള്ളി. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷയും കര്‍ശന മേല്‍നോട്ടവും ഉറപ്പാക്കുമെന്നും, കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനകള്‍ ഇത്തരം അക്കൗണ്ടുകളില്‍ ഇനിമുതല്‍ ഉണ്ടാകുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വരും ദിവസങ്ങളില്‍ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തും. പ്രമുഖരുടെ അക്കൗണ്ടുകളുടെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതില്‍ ഈ ഉന്നതതല ചര്‍ച്ചകള്‍ നിര്‍ണായകമാകും എന്നാണ് കരുതപ്പെടുന്നത്.

Scroll to Top