ഉത്തരേന്ത്യയില്‍ അതിശക്ത മഴ തുടരുന്നു: കേദാര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു, മരണം 97 ആയി

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നതിനെ തുടര്‍ന്ന് അസമില്‍ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതോടെ കേദാര്‍നാഥ് യാത്ര തടസ്സപ്പെട്ടു. ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ദില്ലി: ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. അസമിലെ പ്രളയത്തില്‍ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡില്‍ അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ വളരെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രളയത്തെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര തടസ്സപ്പെട്ടു. അതേസമയം, ദില്ലിയില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിനിടെ അസമില്‍ 2 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 97 ആയി. ബ്രഹ്‌മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലുമായി കഴിയുന്നു. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. സിക്കിം, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. ഉത്തരാഖണ്ഡില്‍ മലയോര മേഖലകളില്‍ നദികള്‍ കരകവിഞ്ഞെഴുകി. രുദ്രപ്രയാഗില്‍ അളകനന്ദ, മന്ദാകിനി നദികള്‍ അപകടനിലയ്ക്കും മുകളിലാണ് ഒഴുകുന്നത്. നദീതീരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. തില്‍വാരയ്ക്ക് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ കേദാര്‍നാഥ് ഹൈവേയിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. തീര്‍ത്ഥാടകരും പ്രദേശവാസികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി.

സാഹചര്യം നേരിടാന്‍ കണ്‍ട്രോള്‍ റൂമുകളും ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ദില്ലി, നോയിഡ, ഫരീദാബാദ് മേഖലകളിലും ഇന്നും കനത്ത മഴ തുടരുകയാണ്. വടക്കന്‍ ദില്ലിയിലെ ജഗത്പൂരില്‍ റോഡിലെ വെള്ളക്കെട്ടിലൂടെ നടന്നുപോയ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഓടയില്‍ വീണു. നാട്ടുകാര്‍ പെട്ടെന്ന് ഇടപെട്ട് രെക്ഷപ്പെടുത്തി. ബിജ്വാസനില്‍ കഴിഞ്ഞ ദിവസം ഓടയില്‍ വീണ് കാണാതായ ആള്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, പശ്ചിമ ബംഗാള്‍, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Scroll to Top