എയര്‍ ഇന്ത്യ ആകാശച്ചുഴി അപകടം: പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവ്- റിപ്പോര്‍ട്ട്

ദില്ലി: എയര്‍ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ് എന്ന് റിപ്പോര്‍ട്ട്. പൂകെറ്റ്- ദില്ലി വിമാനത്തിന്റെ പൈലറ്റിന്റെ ആദ്യ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വിമാനം അപകടത്തില്‍ പെടാന്‍ കാരണം ആകാശ ചുഴി തന്നെയാണോ എന്നും എഎഐബി പരിശോധിക്കും. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം. അതേസമയം, മാധ്യമങ്ങളും പൊതുജനങ്ങളും നിഗമനങ്ങളില്‍ എത്തരുതെന്ന് വ്യോമയാന മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ആകെ പരുക്കേറ്റത് 20 യാത്രക്കാര്‍ക്കും നാല് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കുമാണെന്നും രാജ്യാന്തര ചട്ടങ്ങള്‍ പാലിച്ചുള്ള അന്വേഷണം ഉണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. പൈലറ്റിന്റെ രണ്ടാം പരിശോധനാഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരണമില്ല.

ഓഗസ്റ്റ് നാലിന് തായ്ലാന്റിലെ പൂക്കറ്റില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയില്‍ അകപ്പെട്ടത്. പിന്നീട് നടന്ന പരിശോധനയില്‍ പൈലറ്റ് ലഹരി ഉപയോ?ഗിച്ചതായി സംശയമുയര്‍ന്നു. പിന്നാലെ, എയര്‍ ഇന്ത്യന്‍ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്‌ബെല്‍ വില്‍സണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയര്‍ ഇന്ത്യ അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് സഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. ഫൂക്കറ്റില്‍ നിന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ദില്ലിയിലേക്ക് വന്ന എഐ2379 എയര്‍ബസ് എ320 വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍ 13 യാത്രക്കാര്‍ക്കും 4 ജീവനക്കാരും അടക്കം 17 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് വിമാനത്തിന്റെ പൈലറ്റുമാരില്‍ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്സ്റ്റന്‍സ് പരിശോധനയില്‍ (മാനസികാവസ്ഥയെ സ്വാധീനിക്കുന്ന രാസവസ്തുക്കളുടെ പരിശോധന) കൂടുതല്‍ സ്ഥിരീകരണം ആവശ്യമായ രീതിയില്‍ പോസിറ്റീവ് സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാമ്പിളുകള്‍ കൂടുതല്‍ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചും പൈലറ്റിന്റെ പരിശോധനാ ഫലത്തെക്കുറിച്ചും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും ഡി.ജി.സി.എയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരു പൈലറ്റുമാരെയും ഡ്യൂട്ടിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തി. പരിശോധന നടത്തിയത് നിയമപ്രകാരമുള്ള നടപടിയാണെന്നും എന്നാല്‍ തങ്ങള്‍ക്ക് പരിശോധനാ ഫലങ്ങള്‍ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.

Scroll to Top