ബസിലുണ്ടായിരുന്ന കുട്ടികള്‍ ആര്‍ക്കും പരിക്കില്ല റോഡിലേക്ക് പടര്‍ന്നുകയറിയ കാട് ഒഴിവാക്കി പോകുന്നതിനിടെയാണ് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്.
നെല്ലിക്കുന്ന് ബങ്കരക്കുന്നിലാണ് രാവിലെ 9.30 അപകടമുണ്ടായത്.
നെല്ലിക്കുന്ന് എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.സ്‌കൂളിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങള്‍ ഉപ്പാപ്പാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികളും ബസിലുണ്ടായിരുന്നു. ബസില്‍ നിറയെ കുട്ടികളുണ്ടാ
യിരുന്നതായാണ് വിവരം.
ബങ്കരക്കുന്നിലെ റോഡ് മാസങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. ഇതിനുപുറമെ റോഡിന്റെ വശങ്ങളില്‍ കാട് വളര്‍ന്ന് റോഡിലേക്ക് പടര്‍ന്നുകയറിയ നിലയിലുമായിരുന്നു. ഇറക്കത്തില്‍ കൂടി ബസ് പോകുന്നതിനിടെ റോഡിലേക്ക് വളര്‍ന്നുനിന്ന കാട് കുട്ടികളുടെ ദേഹത്ത് തട്ടാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ബസ് ഡ്രൈവര്‍ അക്ബര്‍ പറഞ്ഞു.ബസ് റോഡിന്റെ വശത്തേക്ക് നീങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെ ബസില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു.
വലിയ അപകടത്തിന് സാധ്യതയുണ്ടായിരുന്നെങ്കിലും കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതിരുന്നത് ആശ്വാസമായി.
കാസര്‍കോട് നെല്ലിക്കുന്നില്‍ സ്‌കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞു.അപകടം ഒഴിവായത് തലനാരിഴയ്ക്ക്.




