സിയോള്‍: ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനം. 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും. 80 ശതമാനം പേര്‍ നിരോധനത്തെ പിന്തുണച്ചു.
ഭക്ഷണാവശ്യത്തിനായുള്ള നായ്ക്കളുടെ പ്രജനനം, കശാപ്പ്, വിതരണം വില്‍പ്പന എന്നിവ നിരോധനത്തിന്റെ പരിധിയില്‍ വരും. മൂന്ന് വര്‍ഷത്തെ പരിവര്‍ത്തന കാലയളവ് വ്യവസ്ഥ ചെയ്യുന്ന നിയമം ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് 2024 ജനുവരിയിലാണ് പാസാക്കിയത്. നിയമം ഇതുമായി ബന്ധപ്പെട്ട 5,600-ലധികം ബിസിനസുകളെ ബാധിക്കുമെന്നാണ് കണക്ക്. മിക്ക ഫാമുകളും ഇതിനകം അടച്ചുപൂടിക്കഴിഞ്ഞു.
പുതിയ നിയമങ്ങള്‍ മൂലം ബാധിക്കപ്പെട്ട കര്‍ഷകര്‍ക്കും വിതരണക്കാര്‍ക്കും റസ്റ്റോറന്റ് ഉടമകള്‍ക്കും പിന്തുണ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ തന്നെ ദക്ഷിണ കൊറിയയില്‍ നായ മാംസം കഴിക്കുന്നവര്‍ കുറവാണ്. നിയമം പാസാക്കുന്നതിന് മുന്നോടിയായി നടത്തിയ 2000ത്തോളം ആളുകള്‍ പങ്കെടുത്ത ഒരു സര്‍വേയില്‍ 90 ശതമാനം പേരും ഭാവിയില്‍ ഈ വിഭവങ്ങള്‍ കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വ്യക്തമാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനത്തിലധികം പേരും നിരോധനത്തെ പിന്തുണച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തങ്ങള്‍ നായയുടെ ഇറച്ചി കഴിച്ചിട്ടില്ലെന്ന് ഏകദേശം 95 ശതമാനം പേരും പറഞ്ഞു.
ഒരുകാലത്ത് ഈ വ്യാപാരത്തിന്റെ പ്രശസ്ത കേന്ദ്രങ്ങളിലൊന്നായ സിയോങ്നാമിലെ മൊറാന്‍ മാര്‍ക്കറ്റില്‍ നായ ഇറച്ചി സൂപ്പ് വിളമ്പുന്നതിന് പകരം മറ്റ് വിഭവങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. പരമ്പരാഗതമായ ഈ വിഭവം ഇപ്പോഴും കഴിക്കുന്ന ചുരുക്കം ചിലര്‍ രാജ്യത്തെ പ്രായമായവരാണ്. അതായത് 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍. കഠിനമായ ചൂടില്‍ നഷ്ടപ്പെട്ട ഊര്‍ജ്ജം വീണ്ടെടുക്കാന്‍ ഈ വിഭവം സഹായിക്കുമെന്ന് വിശ്വസിച്ച് ചിലര്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും യാത്ര ചെയ്ത് കഴിക്കാനെത്തുമായിരുന്നു. പതിവായി കഴിക്കാറുള്ള വിഭവം ലഭിക്കാതെ മടങ്ങിപ്പോകുന്ന പ്രായമായ ഉപഭോക്താക്കളെ കാണുമ്പോള്‍ തനിക്ക് വേദനയുണ്ടാകുന്നുവെന്ന് 37 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ് ഉടമ ലി കാങ്-ചുന്‍ പറഞ്ഞു. അതേസമയം, നായയിറച്ചി കഴിക്കുന്നത് ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതാണ് ശരിയായ നടപടിയെന്നും ലി പറയുന്നു.




