ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ചേര്‍ന്നു
കാസര്‍കോട് പോലെ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കര്‍ഷകരുള്ള ജില്ലയിലെ ബാങ്കുകളുടെ വായ്പ പദ്ധതികള്‍ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പുതിയ സാഹചര്യങ്ങളെ കൂടി പരിഗണിച്ചു കൊണ്ടുള്ളതാകണമെന്ന് കെ. നീലകണ്ഠന്‍ എം.എല്‍.എ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയില്‍ എന്നതുപോലെ ജില്ലയില്‍ ഗള്‍ഫ് പോലുള്ള രാജ്യങ്ങളില്‍ ജോലിചെയ്ത് സമ്പാദിക്കുന്ന മികച്ച സാമ്പത്തിക അടിത്തറ ഉള്ളവര്‍ പോലും യുദ്ധത്തിന്റെയും മറ്റും സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസം, സൂക്ഷ്മ- ചെറുകിട സംരംഭം, ഹൗസിംഗ്, സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ബാങ്കുകള്‍ക്ക് മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. കാസര്‍കോട് പോലെ പിന്നോക്കമായി നില്‍ക്കുന്ന ജില്ലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് ബാങ്കുകള്‍ ഉത്തരവാദിത്വത്തോട് കൂടി പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ഗീത അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എസ്.തിപേഷ്, നബാര്‍ഡ് ഡി.ഡി.എം ഷാരോണ്‍ വാസ്, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബാങ്ക് ജില്ലാ മാനേജര്‍ എസ്.തിപേഷ് സ്വാഗതവും എഫ്.എല്‍.സി അശോക് നന്ദിയും പറഞ്ഞു.
ആര്‍.ബി.ഐയുടെ പുതിയ നിര്‍ദ്ദേശത്തില്‍ സൈബര്‍ ഫ്രോഡുകള്‍ക്കെതിരെ പരമാവധി 50,000 രൂപ വരെയുള്ള സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമയ്ക്ക് നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം വരെ പരമാവധി 25000 രൂപ ബാങ്കുകള്‍ക്ക് അനുവദിക്കാം എന്ന തീരുമാനം അടുത്തകാലത്ത് ഉണ്ടായി എന്ന് ലീഡ് ജില്ലാ ഓഫീസര്‍ വി.എസ് അഖില്‍ അറിയിച്ചു.
2026-27 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ വായ്പ ഇനത്തില്‍ 24.91 ശതമാനം നേട്ടം കൈവരിച്ചു. കാര്‍ഷിക മേഖലയില്‍ 19.25 ശതമാനം, എം.എസ്.എം.ഇ മേഖലയില്‍ 41.04 ശതമാനം, വിദ്യാഭ്യാസ വായ്പ മേഖലയില്‍ 19.36 ശതമാനം, സേവന മേഖലയില്‍ 16.97 ശതമാനം, മുന്‍ഗണനാ വിഭാഗം പദ്ധതികളില്‍ 22.55 ശതമാനം വളര്‍ച്ചയാണ് ജില്ല നേടിയത്.




