കാസര്‍കോട്: സ്വാതന്ത്ര്യസമരം ഒരു വിഭാഗത്തിന്റെയോ മതത്തിന്റെയോ മാത്രം പോരാട്ടമായിരുന്നില്ലെന്നും, വിവിധ മതവിശ്വാസികളും വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരും ഒരുമിച്ച് പങ്കെടുത്ത പോരാട്ടത്തിലൂടെയാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്നും കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. കാസര്‍കോട് നഗരസഭാ കാര്യാലയത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. ഒരുമയും സഹോദര്യവും കാത്തു സൂക്ഷിച്ചു കൊണ്ട് രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്നും ചെയര്‍പേഴ്‌സണ്‍ ആഹ്വാനം ചെയ്തു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി ഷാജു പി.ബി, മറ്റു ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു. നഗരസഭാ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യാതിഥികളായിരുന്നു.




