തീവ്ര ന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 8 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശക്തി കൂടിയ ന്യൂനമര്‍ദമായി ആയി ദുര്‍ബലപ്പെടാന്‍ സാധ്യത. കേരളത്തില്‍ 2026 ആഗസ്റ്റ് 14 മുതല്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ആഗസ്റ്റ് 14ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Scroll to Top