അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’; അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്

ചെന്നൈ: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്‌നാടിനെ മാറ്റണം. ഇതിനായി ഉദ്യോഗസ്ഥരരോടും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ചയില്ല. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മിഷന്‍ മോഡില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കി ത്യാഗം ചെയ്തവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു. ഇന്ന് ഇവിടെ ദേശീയ പതാക ഉയര്‍ത്താന്‍ എനിക്ക് അവസരം നല്‍കിയ തമിഴ് മക്കള്‍ക്ക് നന്ദി. തമിഴ് നാടിന് ദോഷകരമായ പദ്ധതികള്‍ കേന്ദ്രം കൊണ്ടു വന്നാല്‍ ടി വി കെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചെന്നൈയിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അതിഥിയായി തൃഷ കൃഷ്ണനും പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പതാക ഉയര്‍ത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തൃഷ മുന്‍നിരയിലാണ് ഇരുന്നിരുന്നത്. ഈ ചടങ്ങില്‍ നിന്നുള്ള നിരവധി വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖര്‍, ശോഭാ ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് തൊട്ടടുത്താണ് തൃഷയും ഇരുന്നത്. കൂടാതെ, പരേഡ് കടന്നുപോയപ്പോള്‍ തൃഷ മുഖ്യമന്ത്രി വിജയ്യെ സല്യൂട്ട് ചെയ്യുന്നതും വീഡിയോകളില്‍ കാണാം. ഇതിനുമുമ്പ്, കഴിഞ്ഞ മേയ് മാസത്തില്‍ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

Scroll to Top