അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷന്‍ പ്രഖ്യാപിച്ച സ്ത്രീ ശക്തി പുരസ്‌കാരം പ്രമുഖ സാഹിത്യകാരി സതി കൊടക്കാടിന് സമ്മാനിച്ചു. ട്രോഫിയും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, അംഗം അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ കാസര്‍കോഡ് പിലിക്കോട് കൊടക്കാടുള്ള സതിയുടെ ഭവനത്തില്‍ എത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്. സമൂഹത്തിന്റെ നാനാ തുറകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഒമ്പത് വനിതകള്‍ക്കാണ് വനിതാ കമ്മീഷന്‍ ഇത്തവണ സ്ത്രീ ശക്തി പുരസ്‌കാരം പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് ഇന്ന് രാവിലെ അവാര്‍ഡ് കാസര്‍കോട്ടുള്ള വീട്ടിലെത്തി നല്‍കിയത്.
ജന്മനാ നടക്കുവാനോ എഴുതുവാനോ ശേഷിയില്ലാത്ത ശരീരവുമായി, നാലാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നേടിയ സതി ഇതിനോടകം മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധങ്ങളായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും സതി പങ്കാളിയാവുന്നുണ്ട്. സര്‍ഗപ്രതിഭ ദേശീയ അവാര്‍ഡ്, നാഷണല്‍ ഭിന്നശേഷി കമ്മീഷന്റെ സാഹിത്യ അവാര്‍ഡ്, സമം സാംസ്‌കാരിക വേദിയുടെ അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊടക്കാട്ടെ സാംസ്‌കാരിക നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന സി.വി. കുഞ്ഞി കണ്ണന്‍ മാഷിന്റെയും എം.വി. പാട്ടിയുടെയും മകളായ സതി തൊട്ടടുത്ത വായനശാലയില്‍ നിന്നും ലഭ്യമാക്കിയ മൂവായിരത്തോളം പുസ്തകങ്ങള്‍ വായിച്ചതില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജത്താലാണ് സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്. മുരളീധരന്‍, സുരേന്ദ്രന്‍, സരോജിനി എന്നിവര്‍ സഹോദരങ്ങളാണ്. രജിത, സീമ എന്നിവര്‍ സഹോദര പത്‌നികളും. പിലിക്കോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.വി. രമണിയും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, അംഗം എന്നിവരെ അനുഗമിച്ചിരുന്നു.
കേരള വനിതാ കമ്മീഷന്‍ സ്ത്രീ ശക്തി പുരസ്‌കാരം സതി കൊടക്കാടിന് സമ്മാനിച്ചു
42