‘ശബരിമലയില്‍ സിനിമ ചിത്രീകരണത്തിന്റെ ആവശ്യമില്ല’; ദേവസ്വംമന്ത്രിയും ബോര്‍ഡ് പ്രസിഡന്റും രണ്ടുതട്ടില്‍

പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തില്‍ ദേവസ്വംമന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രണ്ടുതട്ടില്‍. ശബരിമലയിലെ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. പ്രസിഡന്റിനെ അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്.

നേരത്തെ വനംവകുപ്പ് ശബരിമലയില്‍ മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് നടപടിക്കെതിരെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതുകൂല ഉത്തരവ് ലഭിച്ചില്ല.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അനുമതി നിഷേധിച്ചത്. അതുകൊണ്ടു തന്നെ ശബരിമല സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. ശബരിമലയും പമ്പയും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ആണ് ഉള്‍പ്പെടുന്നത്. അതേസമയം റാന്നി വനം ഡിവിഷനില്‍ അനുമതിയുണ്ട്.
നിലക്കല്‍ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷന്‍ ആണ്. എന്നാല്‍ ശബരിമലയില്‍ പുരാണ സിനിമകള്‍ക്ക് മാത്രം അനുമതി നല്‍കുകയെന്നതാണ് നിലപാടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്ന് മാറിയുള്ള പ്രദേശങ്ങളില്‍ നാളെ സിനിമ ചിത്രികരണം ആരംഭിക്കും. സിനിമാ ചിത്രീകരണത്തിന് ദേവസ്വം ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു.

Scroll to Top