ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നീതിയുക്തവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും (എന്‍ടിഎ) വീഴ്ച സംഭവിച്ചതായി അദ്ദേഹം ആരോപിച്ചു.
ജൂണ്‍ 22 മുതല്‍ 30 വരെ നടന്ന പരീക്ഷകള്‍ ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് റദ്ദാക്കിയതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി പരീക്ഷയ്ക്കായി തയ്യാറെടുത്ത്, അപേക്ഷാ ഫീസ് അടച്ച്, ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബറില്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരുമെന്നത് ഗുരുതര പിഴവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍ടിഎ തെറ്റ് ചെയ്യുന്നു, പക്ഷേ ശിക്ഷ അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
അതേസമയം, യുജിസി-നെറ്റ് ചോദ്യപേപ്പറുകളില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടായ സംഭവത്തില്‍ എന്‍ടിഎ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാവി ഇത്തരത്തിലുള്ള പിഴവുകള്‍ കാരണം അപകടത്തിലാകരുതെന്ന് സംഘടന പറഞ്ഞു. ആര്‍എസ്എസുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി ദേശീയതലത്തിലുള്ള ഒരു പരീക്ഷയിലെ ക്രമക്കേടുകള്‍ ഗുരുതര പിഴവാണെന്ന് ചൂണ്ടിക്കാട്ടി. ഇത് പരീക്ഷാ നടത്തിപ്പിന്റെ ഗുണനിലവാരത്തെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്ന് ആവര്‍ത്തിച്ചു. പിഴവുകള്‍ എങ്ങനെ സംഭവിച്ചു, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനിടയിലും പരിശോധനാ ഘട്ടത്തിലും അവ കണ്ടെത്താതിരുന്നത് എന്തുകൊണ്ടാണെന്നും എന്‍ടിഎ വിശദീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വീണ്ടും നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുകയും ആവശ്യമായ യാത്രാസൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിരേന്ദ്ര സിംഗ് സോളങ്കി ആവശ്യപ്പെട്ടു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് അധിക സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാകുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്‍ടിഎ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പരീക്ഷാ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിക്കുകയും വേണമെന്നും സോളങ്കി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുകയും ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തില്ലെങ്കില്‍, രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഈ വിഷയങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കാട്ടുമെന്ന് എബിവിപി മുന്നറിയിപ്പ് നല്‍കി. വിശ്വാസ്യതയുള്ളതും സുതാര്യവും കാര്യക്ഷമവുമായ പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതുവരെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തനം തുടരുമെന്നും എബിവിപി വ്യക്തമാക്കി.
എന്‍എസ്യുഐയും ശക്തമായ പ്രതിഷേധവുമായി ന്യൂഡല്‍ഹിയിലെ എന്‍ടിഎ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. എന്‍ടിഎ പിരിച്ചുവിടണമെന്നും സംഘടന ആവശ്യപ്പെട്ടു. നൂറുകണക്കിന് എന്‍എസ്യുഐ പ്രവര്‍ത്തകരും യുജിസി-നെറ്റ് പരീക്ഷാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഓഫീസിന് പുറത്ത് വന്‍തോതില്‍ പൊലീസ് സേനയെ വിന്യസിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു.
എന്‍ടിഎ ചെയര്‍മാന്‍ രാജിവെക്കണമെന്ന് എന്‍എസ്യുഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖര്‍, ആവശ്യപ്പെട്ടു. പരീക്ഷാ സംവിധാനത്തിലെ തുടര്‍ച്ചയായ വീഴ്ചകള്‍ എന്‍ടിഎയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും ജാഖര്‍ ആരോപിച്ചു. എന്‍ടിഎയുടെ വീഴ്ചകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വില നല്‍കേണ്ടിവരരുത്. എന്‍ടിഎ പിരിച്ചുവിടണമെന്നും അതിന്റെ ചെയര്‍മാന്‍ രാജിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പൊലീസ് നടപടിക്കിടെ നിരവധി എന്‍എസ്യുഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും സംഘടന ആരോപിച്ചു. ഉത്തരവാദിത്തം ഉറപ്പാക്കുകയും സുതാര്യവും വിശ്വാസ്യതയുള്ളതുമായ പരീക്ഷാ സംവിധാനം നടപ്പാക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് എന്‍എസ്യുഐ വ്യക്തമാക്കി.
വസ്തുതാപരമായ പിഴവുകള്‍, ടൈപ്പിംഗ് പിശകുകള്‍, വിവര്‍ത്തന-വ്യാകരണ പിഴവുകള്‍ എന്നിവയെക്കുറിച്ചുള്ള പരാതികളും അന്വേഷണവും ഉണ്ടായതിനെ തുടര്‍ന്നാണ് ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് എന്‍ടിഎ പ്രഖ്യാപിച്ചത്. നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ വലിയ തോതില്‍ ആവര്‍ത്തിച്ചതായും പരാതിയുണ്ടായിരുന്നു.




