പറഞ്ഞ വാക്ക് പാലിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍; അതിര്‍ത്തിഗ്രാമമായ കണ്ണങ്കോല്‍ ഊരിലെ കുട്ടികള്‍ക്ക് ഇനി സ്‌കൂളിലേക്കും കളിയിടങ്ങളിലേക്കും പറക്കാന്‍ പുത്തന്‍ സൈക്കിളുകള്‍. സൈക്കിള്‍ സമ്മാനിക്കുക മാത്രമല്ല, ഊരിലെ വഴികളിലൂടെ കുട്ടികള്‍ക്കൊപ്പം സ്വയം സൈക്കിള്‍ ചവിട്ടി ജില്ലാ കളക്ടര്‍ യാത്ര ചെയ്തപ്പോള്‍ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലമാണ് മാഞ്ഞുപോയത്.
ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ദേലംപാടി പഞ്ചായത്തിലെ ഉള്‍ മേഖലയായ കണ്ണങ്കോല്‍ ഊര് കഴിഞ്ഞ മാര്‍ച്ചില്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. ഗോത്രവര്‍ഗ മേഖലയിലെ പ്രതിസന്ധികള്‍ നേരിട്ടറിയാനെത്തിയ കളക്ടറോട് വീട്, ഭൂമി ,പട്ടയം ഊരിലേക്ക് വഴി , പഠനത്തിന് സാമൂഹിക പഠനമുറി , അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഊരില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ കണ്ണങ്കോല്‍ ഊര് നിവാസികള്‍ ഉന്നയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് കാസര്‍കോട് ആര്‍ഡിഒ യെ കളക്ടര്‍ ചുമതലപ്പെടുത്തി. നിലവില്‍ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി നടന്നു വരികയാണ്.
മാര്‍ച്ചില്‍ കുട്ടികളെ സ്വന്തം ഔദ്യോഗിക കാറില്‍ കയറ്റി ഊരുചുറ്റിയത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് കളക്ടറെ കാണാന്‍ സിവില്‍ സ്റ്റേഷനിലെത്തിയ കുട്ടികള്‍ക്ക് അവര്‍ ചോദിച്ച ഒരു ഫുട്‌ബോളിന് പകരം ആറ് പന്തുകളും എയര്‍പമ്പും സമ്മാനിക്കുകയും ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്ക് ടൂറും ഉച്ചഭക്ഷണവും ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്കിടയിലാണ് സ്‌കൂള്‍യാത്രയ്ക്കായി സൈക്കിള്‍ വേണമെന്ന ആഗ്രഹം കുട്ടികള്‍ കളക്ടറോട് പങ്കുവെച്ചത്. ആവശ്യം കേട്ടയുടന്‍ പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന കണക്കെടുപ്പ് നടത്തുകയും ധന്വന്തരി ഫണ്ട് പ്രയോജനപ്പെടുത്തി 18 കുട്ടികള്‍ക്കും സൈക്കിളുകള്‍ ഉറപ്പാക്കുകയുമായിരുന്നു.
കണ്ണങ്കോല്‍ ഊരിന്റെ സമഗ്ര വികസനത്തിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഗോത്രവിഭാഗം കുട്ടികളുടെ സ്‌ക്കൂളുകളിലെ കൊഴിഞ്ഞു പോക്ക് പൂര്‍ണമായും തടയാന്‍ സമഗ്രപദ്ധതി, പട്ടികവര്‍ഗ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട് കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ജില്ലയിലെ എല്ലാ പട്ടിക വര്‍ഗമേഖലകളിലെയും കുട്ടികള്‍ക്കു വേണ്ടി ജില്ലാകളക്ടറുടെ നിര്‍ദേശ പ്രകാരം മേയ് മാസത്തില്‍ ടൂര്‍ സംഘടിപ്പിച്ചതും ഗോത്ര വിഭാഗം കുട്ടികള്‍ക്ക് പുതിയ ഉണര്‍വ് പകര്‍ന്ന് നല്‍കി. ജില്ലയില്‍ ഗോത്രവര്‍ഗ മേഖലയില്‍ കുട്ടികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കി പദ്ധതികള്‍ തയ്യാറാക്കിയതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങളെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു
2026-ലെ അന്താരാഷ്ട്ര തദ്ദേശീയ ദിനാചരണത്തിന്റെയും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഭാഗമായി കണ്ണങ്കോല്‍ ഊരില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ നേരിട്ടെത്തി സൈക്കിളുകള്‍ വിതരണം ചെയ്തു
ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരിപാടി ജില്ലാകളക്ടര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ ഗോപാലന്‍, വാര്‍ഡ് മെമ്പര്‍മാരായ തിമ്മയ്യ, ഐത്തപ്പ, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ പ്രസന്ന എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ മധുസൂദനന്‍ സ്വാഗതവും എസ്ടി പ്രമോട്ടര്‍ ചന്ദ്രശേഖര്‍ നന്ദിയും രേഖപ്പെടുത്തി.




