പൈലറ്റ് ഇബ്രാഹിം ബാത്തിഷയെ അംഗമാക്കി ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ”വേരുകള്‍ തേടാന്‍ തണലായി പടരാം” എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ പ്രൗഢ തുടക്കമായി. പൈലറ്റ് ഇബ്രാഹിം ബാത്തിഷയെ അംഗത്വത്തില്‍ ചേര്‍ത്തുകൊണ്ട് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു.
മുന്‍കാല ജില്ലാ നേതാക്കളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് സംഘടനയുടെ വളര്‍ച്ചയുടെ ചരിത്രവും പുതിയ തലമുറയോടുള്ള സംഘടനാ ഉത്തരവാദിത്വവും ഓര്‍മപ്പെടുത്തുന്നതായി.
14 വയസ്സ് പൂര്‍ത്തിയായതും 40 വയസ്സ് കവിയാത്തതുമായ മുഴുവന്‍ പ്രവര്‍ത്തകരെയും സംഘടനയുടെ അംഗത്വത്തിലേക്ക് കൊണ്ടുവരികയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സംഘടനയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പുതിയ തലമുറയിലേക്ക് കൂടുതല്‍ ശക്തമായി എത്തിക്കുന്നതിനും സംഘടനാ സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ക്യാമ്പയിന്‍ വഴിയൊരുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ ശാഖകളും യൂണിറ്റുകളും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും ഓരോ പ്രവര്‍ത്തകനും ക്യാമ്പയിന്റെ വിജയത്തിനായി ആത്മാര്‍ഥമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.




