ടാബ് വാങ്ങി പണം നല്‍കാതെ മുങ്ങിയയാള്‍ കാസറഗോഡ് പിടിയില്‍

കൊച്ചി സ്വദേശി അറസ്റ്റില്‍:
ടാബ് വാങ്ങി പണം നല്‍കാതെ മുങ്ങിയയാള്‍ കാസറഗോഡ് പിടിയില്‍

കാസറഗോഡ് : പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ കടയില്‍നിന്ന് വിലകൂടിയ ടാബ് വാങ്ങി പണം നല്‍കാതെ കബളിപ്പിച്ചു മുങ്ങിയ കേസില്‍ കൊച്ചി സ്വദേശി അറസ്റ്റില്‍. എടപ്പള്ളി വാസുദേവപുരം പാലസ് സ്വദേശി കിഷോര്‍ ശങ്കര്‍ (41) ആണ് കാസറഗോഡ് പൊലീസിന്റെ പിടിയിലായത്.
ജൂലൈ 20 തിയ്യതി വൈകിട്ട് കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ‘ബ്രിഡ്ജ് മൊബൈല്‍ സ്റ്റാര്‍’ കട. 44,999 രൂപ വിലവരുന്ന സാംസങ് ടാബ് S9 FE (Samsung Tab S9 FE) മോഡല്‍ ടാബ് വാങ്ങിയ പ്രതി, ഡിസ്‌കൗണ്ട് കഴിച്ച് 32,492 രൂപ കാനറ ബാങ്ക് ആപ്പ് വഴി നല്‍കാമെന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന് പണം നല്‍കാതെ ടാബുമായി കടന്നുകളയുകയായിരുന്നു.
കടയുടമയുടെ പരാതിയെ തുടര്‍ന്ന് കാസറഗോഡ് പൊലീസ് ക്രൈം നമ്പര്‍ 450/2026 പ്രകാരം ബി.എന്‍.എസ് (BNS) 318(4) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാസറഗോഡ് ടൗണ്‍ എസ്.ഐ എം.ടി.പി സെയ്ഫുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയില്‍നിന്ന് ടാബ് ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Scroll to Top