തിരുവനന്തപുരം:വീണ വിജയനെതിരെയുള്ള രേഖാമൂലമുള്ള കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രേഖാ മൂലമുള്ള കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണ്. അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വിഷയത്തില്‍ സി.പി.എമ്മിന്റെ ഇതുവരെയുള്ള മുടന്തന്‍ ന്യായങ്ങള്‍ വസ്തുതാപരമല്ലെന്ന് ഇതോടെ വ്യക്തമായി. ഈ വിഷയത്തില്‍ വസ്തുതാപരവും സത്യസന്ധവുമായ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. മകളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി.യുടെ കണ്ടെത്തലുകളില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകള്‍ വീണയുടെ ഡയറിയില്‍നിന്ന് കിട്ടിയെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കിയത്. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും ഇഡി പറയുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തലുണ്ട്. കൂടാതെ, ഇന്റര്‍നറ്റ് കോളുകള്‍ക്ക് വേണ്ടി മറ്റൊരു വ്യക്തിയുടെ പേരിലുള്ള സിം സംഘടിപ്പിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഇഡി അറിയിച്ചു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടു മെയ് മാസം 27ന് വീണയുടെയും സിഎംആര്‍എല്‍ പ്രൊമോട്ടര്‍മാരുടെയും കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇഡിയുടെ കണ്ടെത്തലുകള്‍.
മെയ് മാസം നടത്തിയ പരിശോധനയില്‍ വീണയുടെ കൈപ്പടയിലുള്ള ഡയറിയില്‍നിന്ന് ചില വിവരങ്ങള്‍ കണ്ടെത്തിയെന്നും ഇതില്‍ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകള്‍, ചെലവഴിച്ച തുകകള്‍, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടായിരുന്നുവെന്നും ഇഡി അറിയിച്ചു. ദുബായ് കറന്‍സിയായ ദിര്‍ഹം, ഇന്ത്യന്‍ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയില്‍ ഉണ്ടായിരുന്നതെന്നാണ് ഇഡി പറയുന്നത്.




