മുല്ലപ്പെരിയാര്‍ ഉന്നയിച്ച് കേരളം,പുതിയ ഡാം വേണമെന്ന് വി ഡി സതീശന്‍; മുഴുവന്‍ ചിലവും കേരളം വഹിക്കും, സ്ഥലം തമിഴ്‌നാടിന് തീരുമാനിക്കാം

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗണ്‍സിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.മുല്ലപ്പെരിയാര്‍ ഉന്നയിച്ച് കേരളം, പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ ചിലവും കേരളം വഹിക്കും. സ്ഥലം തമിഴ്‌നാടിന് തീരുമാനിക്കാം. വെള്ളം പൂര്‍ണമായും തമിഴ് നാടിന് നല്‍കും. മണ്ഡല പുനര്‍ നിര്‍ണയം 543 സീറ്റായി നിലനിര്‍ത്തണം. വനിതാ സംവരണം വര്‍ധിപ്പിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളുടെ ടോള്‍ ഒഴിവാക്കണം. തലശ്ശേരി – മൈസൂരു, നിലമ്പൂര്‍ – നഞ്ചന്‍കോട് പാതകള്‍ നടപ്പാക്കണം. ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനത്തില്‍ പുനപരിശോധന വേണം.

മൃഗങ്ങള്‍ കൂടുതല്‍ സഞ്ചരിക്കുന്ന സമയം പുലര്‍ച്ചയും സന്ധ്യക്കുമാണ്. ശാസ്ത്രീയ പരിശോധനകള്‍ നടത്തി. രാത്രി യാത്ര നിരോധനം പുനഃ പരിശോധിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം മുല്ലപ്പെരിയാറില്‍ നിലപാടിലുറച്ച് തമിഴ്‌നാടും രംഗത്തെത്തി. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. നദീജല കരാര്‍ കൃത്യമായി നടപ്പാക്കണം. സുപ്രീം കോടതി വിധിയും ട്രിബ്യൂണല്‍ തീരുമാനവും നടപ്പാക്കണം.

നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ തമിഴ്‌നാട് നിലപാട് മയപ്പെടുത്തി. ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയരുത്. നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിലെ നിലപാട് ആവര്‍ത്തിച്ചില്ല. ഒരു സംസ്ഥാനത്തിനും നഷ്ടമുണ്ടാകരുത്. ഇതിന് നിയമപരമായ ഉറപ്പ് വേണമെന്നും സി ജോസഫ് വിജയ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ മഹാബലിപുരത്ത് രാവിലെ 10 മണി മുതലാണ് ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. കേരളത്തിന് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

Scroll to Top