കാസര്‍ഗോഡ്: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാത 66-നോട് ചേര്‍ന്നുള്ള സര്‍വീസ് റോഡിനരികില്‍, പൊതുജനങ്ങള്‍ സഞ്ചരിക്കേണ്ട നടപ്പാതയോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി.
വിദ്യാര്‍ത്ഥികളും സ്ത്രീകളും വയോധികരും ഉള്‍പ്പെടെ നിരവധി ആളുകള്‍ ദിവസേന ഇതുവഴി സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായി നടക്കാന്‍ ആവശ്യമായ നടപ്പാതയുടെ സൗകര്യം ഇവിടെ ഇല്ലാത്തതിനാല്‍ പലരും റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടിവരുന്നത്. റോഡിന് വീതി കുറവായതിനാല്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ഒരേ ഭാഗത്ത് സഞ്ചരിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നതും പൊതുജനങ്ങളുടെ സഞ്ചാരപാതയ്ക്ക് സമീപമായതിനാല്‍, നിലവിലെ സ്ഥിതി ഗുരുതരമായ സുരക്ഷാ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. അടിയന്തരമായി സ്ഥലപരിശോധന നടത്തി ട്രാന്‍സ്‌ഫോര്‍മര്‍ സുരക്ഷിതമായ രീതിയില്‍ മാറ്റിസ്ഥാപിക്കുകയോ, പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ നടപ്പാത ഒരുക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
കഴിഞ്ഞദിവസം കാസര്‍ഗോഡ് എം.ജി. റോഡില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സാഹചര്യം നിലനില്‍ക്കുന്നതിനിടെ, പുതിയ ബസ് സ്റ്റാന്‍ഡിന് സമീപവും സമാനമായ അപകടസാധ്യത നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്.
വലിയൊരു അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനു പകരം, അപകടം ഉണ്ടാകുന്നതിന് മുമ്പുതന്നെ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.
നടപ്പാതയില്ലാത്ത ഈ ഭാഗത്തെ അപകടഭീഷണി അടിയന്തരമായി പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ കണ്ണുതുറക്കണം.




