കാസറഗോഡ് എം.ജി റോഡിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണം: എസ്.ഡി.പി.ഐ

കാസറഗോഡ്: കാസറഗോഡ് എം.ജി റോഡില്‍ ഇന്നലെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ ഗതാഗതക്കുരുക്കിനും അപകടസാധ്യതകള്‍ക്കും അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി റോഡ് ഉപരോധിച്ചു.

എം.ജി റോഡിന്റെ വീതി കൂട്ടുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുക, വലിയ വാഹനങ്ങളെ നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ നിന്ന് വഴിതിരിച്ചുവിടുക, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ ഉയര്‍ത്തിയത്. കൂടാതെ, ഇന്നലെ അപകടത്തില്‍ മരണപ്പെട്ട ഹനീഫയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

സമരം എസ്.ഡി.പി.ഐ കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ ബി.ടി. ഉദ്ഘാടനം ചെയ്തു. എം.ജി റോഡിന്റെ വീതി കൂട്ടുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ ബഹുജന പ്രക്ഷോഭവുമായി എസ്.ഡി.പി.ഐ മുന്നോട്ട് വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നഗരത്തിലെ ഗതാഗതക്കുരുക്ക് ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് സുരക്ഷിതമായ ഗതാഗത സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll to Top