ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക യുദ്ധം അമേരിക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പുതിയ നീക്കം അമേരിക്കയെ വീണ്ടും തോല്‍വിയിലേക്ക് നയിക്കുമെന്നും അരഗ്ചി മുന്നറിയിപ്പ് നല്‍കി. (Abbas Araghchi said the economic warfare will only bring further defeat for US)
അമേരിക്കയുടെ വമ്പന്‍ കടബാധ്യതയും കുതിച്ചുയരുന്ന പലിശ നിരക്കുകളും മറയ്ക്കാനാണ് ഇറാനെതിരായ സാമ്പത്തിക നീക്കങ്ങളെന്ന് അരഗ്ചി ആരോപിച്ചു. അമേരിക്കയാണ് വലിയ പ്രതിസന്ധിയുടെ മുനമ്പിലുള്ളത്. പരാജയപ്പെട്ട നയങ്ങള്‍ തന്നെ വീണ്ടും ഇരട്ടിയാക്കി നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതല്‍ പരാജയത്തിലേക്കാകും തള്ളിവിടുക. യുഎസ് സാമ്പത്തിക ഭീകരത ലോകമെമ്പാടുമുള്ള ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ഭീഷണിയെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് വില 93.82 സോളറായി കുതിച്ചുയര്‍ന്നു. ഇറാനെതിരായ സാമ്പത്തിക നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോട് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അഭ്യര്‍ഥിച്ചു. ഇറാന്റെ ഭീഷണി ഉണ്ടായിട്ടും ഹോര്‍മുസ് കടലിടുക്ക് വഴി വലിയ അളവില്‍ എണ്ണയും പ്രകൃതിവാതകവും കടത്തിവിടാനായെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു.
അതിനിടെ ഹിസ്ബുല്ലയെ ആഗോള ഭീകര പ്രസ്ഥാനമായി പുനര്‍നാമകരണം ചെയ്ത് യു എസ് ട്രഷറി വകുപ്പ്. ഹിസ്ബുല്ല അമേരിക്കയുടെ ദേശീയ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ സഹായിക്കുന്നുവെന്നും കണ്ടെത്തിയാണ് പുതിയ നടപടി.




