ചാണക്യതന്ത്രങ്ങളുമായി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിഗ്ബോസ് സീസണ്‍ 8 പ്രമോ

സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോയെത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബോസ് മലയാളം സീസണ്‍ 8 സെപ്റ്റംബര്‍ 6ന് ആരംഭിക്കാനിരിക്കെ, ചാണക്യ തന്ത്രങ്ങളുമായി മോഹന്‍ലാല്‍ എത്തുന്ന പുതിയ പ്രമോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

‘ജയിച്ചാല്‍ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം’ എന്നതാണ് ഇത്തവണത്തെ ഷോയുടെ ടാഗ്ലൈന്‍. കേവലം ഒരു ദിവസം മാത്രമല്ല, 100 ദിവസവും ജയിക്കുന്നവര്‍ക്ക് മാത്രമേ ഇത്തവണ ബിഗ്ബോസ് കിരീടം സ്വന്തമാക്കാനാകൂ എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

പതിവ് പ്രമോകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു പ്രമോ എന്നതിലുപരി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബിഗ് ബോസ് പ്രമോകളില്‍ പരീക്ഷിക്കാത്ത തരത്തിലുള്ള ഗ്യാങ്സ്റ്റര്‍ പശ്ചാത്തലമാണ് പ്രമോയ്ക്ക് നല്‍കിയിരിക്കുന്നത്.

ഒരു ക്രിമിനല്‍ ഗ്യാങ് തട്ടിക്കൊണ്ടുപോയ മോഹന്‍ലാല്‍ അവരില്‍നിന്ന് എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് പ്രമോയുടെ ഇതിവൃത്തം. ഇതിനായി ചാണക്യനായ മോഹന്‍ലാല്‍ പ്രയോഗിക്കുന്നത് നാലു തന്ത്രങ്ങളാണ് – സാമം, ദാനം, ഭേദം, ദണ്ഡം.

അനുനയത്തിന്റെ ഭാഷയില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന സാമം, പ്രതിഫലം നല്‍കി പ്രശ്‌നം തീര്‍ക്കാനുള്ള ദാനം, ഗ്യാങ്ങിനുള്ളില്‍ തന്നെ ഭിന്നത സൃഷ്ടിക്കുന്ന ഭേദം എന്നിവയിലൂടെ മോഹന്‍ലാല്‍ ഗ്യാങ്ങിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുന്നതാണ് പ്രമോയുടെ ക്ലൈമാക്‌സ്. ഒപ്പം ‘ദണ്ഡം’ അഥവാ ശിക്ഷ എന്നൊരു തന്ത്രം കൂടിയുണ്ടെന്ന് മോഹന്‍ലാല്‍ അവരെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

സിനിമാറ്റിക് ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം, ഇത്തവണത്തെ ബിഗ്ബോസ് സീസണ്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകളും പ്രമോ നല്‍കുന്നുണ്ട്. അംഗങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമായാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും, ആര്‍ക്ക് ആരെയും എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷ തീരുമാനത്തോടെ പുറത്താക്കാനും തോല്‍പ്പിക്കാനും കഴിയുമെന്നും പ്രമോ വ്യക്തമാക്കുന്നു.

ഓരോ അംഗത്തിന്റെയും തീരുമാനങ്ങള്‍ക്ക് വിലയുണ്ടെന്നും, എടുത്ത തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും പ്രമോ പറയാതെ പറയുന്നുണ്ട്.

കോമണറുടെ ദിനം കണ്ടെത്താനുള്ള അഗ്‌നിപരീക്ഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരും സെപ്റ്റംബര്‍ 6ന് ആരംഭിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ ഭാഗമാകും.

ഏറെ പ്രത്യേകതകളും മാറ്റങ്ങളുമായി എത്തുന്ന സീസണ്‍ 8നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍.

Scroll to Top