തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എംഎല്‍എമാര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ കാര്‍ ഡിഎംകെ നിരസിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലായിരിക്കുമ്പോള്‍ അനാവശ്യ ചെലവ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നിലപാടെടുത്തു.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എം എല്‍ എ മാര്‍ക്ക് പ്രഖ്യാപിച്ച കാര്‍ നിരസിച്ച് ഡി എം കെ. പാര്‍ട്ടിയുടെ 59 എം എല്‍ എമാര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറിയിച്ചു. ഡി എം കെ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയുള്ളപ്പോള്‍ അനാവശ്യ ചെലവ് വേണ്ട. എം എല്‍ എമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കണം. അര്‍ഹരായവര്‍ക്ക് മാത്രം കാര്‍ നല്‍കണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു.
വിജയ് സംസ്ഥാനത്തെ 234 എം എല്‍ എമാര്‍ക്കും സൗജന്യമായി കാറുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭരണപക്ഷമായ ടി വി കെയും പ്രതിപക്ഷമായ ഡി എം കെയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്. ഡി എം കെയുടെ 59 നിയമസഭാംഗങ്ങളും ഈ ആനുകൂല്യം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പ്രഖ്യാപിച്ചു. അധികാരമേറ്റ നാള്‍ മുതല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് ആവര്‍ത്തിച്ചു പറയുന്ന ടി വി കെ സര്‍ക്കാരിന്റെ നിലപാടിലെ വൈരുദ്ധ്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.
എല്ലാ എം എല്‍ എമാരെയും സമന്മാരായി കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് വ്യക്തമാക്കി മന്ത്രി ആധവ് അര്‍ജുന സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചു. വി സി കെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയ ചെറുപാര്‍ട്ടികളിലെ പല എം എല്‍ എമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളില്‍ യാത്ര ചെയ്യാന്‍ കാര്‍ ഒരു ആഡംബരമല്ല, മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ പല എം എല്‍ എമാര്‍ക്കും സ്വന്തമായി വീടും കാറുമില്ല, പ്രത്യേകിച്ച് ഇടത് പാര്‍ട്ടി എം എല്‍ എമാര്‍ക്ക്. ഒരു പ്രഖ്യാപനം നടത്തുമ്പോള്‍ അത് എല്ലാവര്‍ക്കും പൊതുവായുള്ളതായിരിക്കും. നിലവില്‍ സ്വന്തമായി കാറുള്ളവര്‍ സര്‍ക്കാര്‍ വാഹനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്നതാണ് ടി വി കെയുടെ നിലപാട്’ എന്ന് മന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ വിമര്‍ശനം ഉന്നയിച്ച ആധവ് അര്‍ജുന, സ്വന്തമായി മൂന്ന് ബംഗ്ലാവുകള്‍ ഉണ്ടായിട്ടും അദ്ദേഹം എന്തിനാണ് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതെന്ന് ചോദിച്ചു. സൌജന്യ കാറിനൊപ്പം ഡ്രൈവര്‍, ഇന്ധനം എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ അലവന്‍സ് നല്‍കുമെന്നും വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.




