രാഹുല്‍ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമെന്ന് ബിജെപി, പെല്ലറ്റ് പ്രയോഗത്തിനെതിരായ മിന്നല്‍ സമരത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് നേതാക്കള്‍

ദില്ലി: സി ജെ പി വിദ്യാര്‍ത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സാഹില്‍ എന്ന വിദ്യാര്‍ത്ഥിയുമായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസിന്റെ ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ മിന്നല്‍ സമരത്തിനെതിരെ ബി ജെ പി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ജൂലൈ 20 ലെ സംഭവവികാസങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടും രാഹുല്‍ ഗാന്ധി വഴങ്ങാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പെല്ലറ്റ് പ്രയോഗം അടക്കമുള്ള വിഷയങ്ങള്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി വിശദമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്യാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പാര്‍ലമെന്റ് സ്ട്രീറ്റിലെ സി പി ഒ ഓഫീസില്‍ രാഹുല്‍ ഗാന്ധി കുത്തിയിരിപ്പ് സമരം തുടരുന്നതിനിടെയാണ് ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി സ്വാര്‍ത്ഥ ലാഭത്തിനായി മാത്രമാണ് ഈ വിഷയം ദുരുപയോഗം ചെയ്യുന്നതെന്ന് ബ ജെ പി നേതാവ് സ്മൃതി ഇറാനി ആരോപിച്ചു. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിനെക്കുറിച്ച് നിലവില്‍ അന്വേഷണം നടന്നുവരികയാണെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുമ്പോള്‍ ഇത്തരത്തില്‍ പ്രതിപക്ഷ നേതാവ് നേരിട്ടെത്തി സമരം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ബി ജെ പി വിമര്‍ശിച്ചു.

മിന്നല്‍ സമരം
സി ജെ പിയുടെ വിദ്യാര്‍ത്ഥി സമരത്തില്‍ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനൊപ്പം ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിലെത്തി രാഹുല്‍ ?ഗാന്ധി മിന്നല്‍ സമരം നടത്തിയത്. ജൂലൈ 20 ന് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സാഹില്‍ എന്ന വിദ്യാര്‍ത്ഥിയോടൊപ്പമാണ് രാഹുല്‍ ഗാന്ധി പരാതി നല്‍കാന്‍ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുല്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സെന്‍ട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസിന്റെ ഓഫീസിലേക്ക് രാഹുല്‍ ഗാന്ധി നേരിട്ട് എത്തിയത്. ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥിയും എത്തിയത്. എന്നാല്‍ അവിടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ലമെന്റ് സ്ട്രീറ്റിലെ ഡി സി പി ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്യാതെ മടങ്ങില്ലെന്ന കര്‍ശന നിലപാടിലാണ് അദ്ദേഹം. ഡി സി പി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളില്‍ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവര്‍ ആരാണോ അവര്‍ ശിക്ഷിക്കടണമെന്ന നിലപാടില്‍ ഉറച്ചാണ് രാഹുല്‍ ഗാന്ധി.

Scroll to Top