ജനനായകന്‍ നേടിയത് 325 കോടിയോളമാണ്.
2026ലെ തമിഴ് ചിത്രങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി മുന്നേറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ‘ജനനായകന്‍’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ജനനായകന്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സീ5ലാണ് ജനനായകന്റെ സ്ട്രീമിംഗ് നടക്കുന്നത്.
കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘ജനനായകനെ’ ആഘോഷമാക്കി മാറ്റിയത് പ്രേക്ഷകരും വിജയ് ആരാധകരുമാണ്. ദളപതി വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകര്‍ ചിത്രത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങള്‍ക്കൊപ്പം ‘ചീഫ് മിനിസ്റ്റര്‍ ജോസഫ് വിജയ്’ എന്ന ടൈറ്റില്‍ കാര്‍ഡിനും തിയേറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിച്ചത്. വിജയ്യുടെ സിനിമാ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും പ്രേക്ഷകരെ ഏറെ വൈകാരികമായി സ്വാധീനിച്ചു.
കേരളത്തിലും മികച്ച പ്രകടനമാണ് ‘ജനനായകന്‍’ കാഴ്ചവെച്ചത്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 150 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ഇപ്പോഴും ശക്തമായ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായക’ന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ.വി.എന്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയും സഹനിര്‍മാതാക്കളാണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആക്ഷന്‍ കൊറിയോഗ്രഫി അനല്‍ അരശ്, കലാസംവിധാനം വി. സെല്‍വകുമാര്‍, എഡിറ്റിങ് പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ഗാനരചന അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍ എന്നിവരാണ് അണിയറയില്‍. പി.ആര്‍.ഒ. & മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.




