ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി മാവേലിയെത്തി. ഹരിത സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍, അനൗണ്‍സ്‌മെന്റോട് കൂടിയ വാഹനപ്രചരണ യാത്രയുടെ ഭാഗമായാണ് മാവേലി എത്തിയത്. ഹരിത സന്ദേശ വാഹനപ്രചരണ യാത്ര ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കളക്ടറേറ്റില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഓണാഘോഷങ്ങളുടെ ഭാഗമായി നിരോധിത പ്ലാസ്റ്റിക്, ബയോ പേപ്പര്‍ കപ്പ് ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കുക, ആഘോഷങ്ങളിലും സദ്യകളിലും പരമാവധി പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കള്‍ ഉപയോഗിക്കുക, പൂക്കളം പ്രകൃതി സൗഹൃദമാക്കണം, അലങ്കാരങ്ങള്‍ പരിസ്ഥിതി സൗഹൃദം ആകണം, ഭക്ഷണവിതരണത്തിനായി സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയ പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍ഗണന നല്‍കുക, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുകയും അധികമായി വരുന്ന ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, ആഘോഷ പരിപാടികളില്‍ ഉണ്ടാകുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനായി ആവശ്യമായ ബിന്നുകള്‍ സ്ഥാപിക്കുക, ആഘോഷം അവസാനിച്ച ഉടന്‍ സംഘാടകര്‍ ആഘോഷ സ്ഥലം പൂര്‍ണമായി വൃത്തിയാക്കണം, ഹരിതചട്ടം പാലിക്കാന്‍ കേറ്ററിംഗ് ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധിക്കണം, ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഹരിത സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) കെ.വി ഹരിദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.ജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസഫ് ചാക്കോ, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍ മുഹമ്മദ് മദനി, കളക്ടറേറ്റ് ജെ.എസ് എം.ബി ലോകേഷ് എന്നിവര്‍ പങ്കെടുത്തു.




