ഇടുക്കി: രാജ്യത്തെ പൊതുസ്വത്തുക്കള്‍ പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനുള്ള അജണ്ടയാണ് ആര്‍ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്. കര്‍ഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച ഐഷി, മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു. രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും വിദ്യാഭ്യാസം എന്നത് ഏവരുടെയും അവകാശമാണെന്നും ഐഷി ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ 12 വര്‍ഷമായി രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഐഷി ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തു. രാജ്യത്തെ സര്‍വ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനായി ബി ജെ പി പിടിച്ചെടുക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരെ വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു.
പിണറായിയുടെ വിമര്‍ശനം
നേരത്തെ കര്‍ഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും കേന്ദ്രത്തെ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ബി ജെ പി പിന്തുടരുന്നതെന്നും ഇത് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്ക് സഹായമാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും തയ്യാറായില്ല. ദില്ലിയിലെ കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കേന്ദ്രം ശ്രമിച്ചെങ്കിലും കര്‍ഷകരുടെ അര്‍ജവമുള്ള പോരാട്ടത്തിന് മുന്നില്‍ ഒടുവില്‍ ബി ജെ പിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും, കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ കാര്‍ഷിക രംഗത്തെ തകര്‍ച്ച പരിഹരിക്കാനോ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് തുക വകയിരുത്താനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയതയ്‌ക്കെതിരെ ഉറച്ചുനില്‍ക്കാന്‍ കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിന് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ആര്‍ എസ് എസ് അജണ്ടയ്ക്ക് കോണ്‍ഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചത് ആര്‍ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലണമെന്ന് സര്‍ക്കുലര്‍ ഇറക്കിയത് കേരളത്തില്‍ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോണ്‍ഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ വേഗത കുറഞ്ഞത് എല്‍ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുന്‍പ് നിലകൊണ്ട ആളാണ് ഇപ്പോള്‍ ഇത് പറയുന്നതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സംസാരിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.




