പാലത്തായി പോക്‌സോ കേസ്: ജാമ്യം കിട്ടിയ പ്രതി കെ പത്മരാജന്‍ ഇന്ന് പുറത്തിറങ്ങും

വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയില്‍ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജന്‍ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയില്‍ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇരയായ കുട്ടിയുടെ മൊഴികളില്‍ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിയുടെ ഭാഗം പ്രസക്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയില്‍ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. വിചാരണക്കോടതി വിധിയില്‍ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിച്ചത്. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കിയതാണ്. സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ പ്രോസിക്യൂഷന്‍ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല. ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ ആകില്ല എന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Scroll to Top