പുതിയ നടപടി ബുക്കിങ് പ്രക്രിയ കൂടുതല്‍ സുതാര്യവും സുരക്ഷിതവും സൗകര്യപ്രദമാക്കുകയും ചെയ്യും
റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിലാണ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതെങ്കില്‍ ഇനി മുതല്‍ ഇക്കാര്യം കൂടി ഒന്ന് അറിഞ്ഞിരിക്കാം. യാത്രക്കാരുടെ മൊബൈല്‍ ഫോണില്‍ വരുന്ന ഒരു ഒടിപി വെരിഫിക്കഷേന്‍ ചെയ്യണമെന്ന പുത്തന്‍ രീതി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് റെയില്‍വേ. ലാസ്റ്റ് മിനിറ്റ് ബുക്കിങ് സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാനാണ് പുതിയ പ്രക്രിയ റെയില്‍വേ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ഹൈ – ഡിമാന്‍ഡ് ടിക്കറ്റുകള്‍ കൃത്യമായി ആവശ്യക്കാരിലെത്തിക്കാന്‍ കഴിയും. പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ 17നാണ് ഈ സംവിധാനം ആദ്യം ആരംഭിച്ചത്. ആദ്യം ചുരുക്കം ചില ട്രെയിനുകളിലെ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഈ സംവിധാനം ഉപയോഗിച്ചിരുന്നു. ഇനി മുതല്‍ ഇതേ സംവിധാനം 52ഓളം ട്രെയിനുകളിലെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനായി ഉപയോഗിക്കാനാണ് തീരുമാനം.
ഈ സംവിധാനത്തിന് കീഴില്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റിസര്‍വേഷന്‍ ഫോമിലുള്ള മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി യാത്രക്കാരന് ലഭിക്കും. ഒടിപി വെരിഫിക്കേഷന് ശേഷമേ ടിക്കറ്റ് സ്ഥിരീകരിക്കപ്പെടൂ. അര്‍ഹരായ യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റ് സംവിധാനത്തിലൂടെ കൃത്യമായ സേവനം ലഭ്യമാക്കാനാണ് ഈ സംവിധാനം. പുതിയ നടപടി ബുക്കിങ് പ്രക്രിയ കൂടുതല്‍ സുതാര്യവും സുരക്ഷിതവും സൗകര്യപ്രദമാക്കുകയും ചെയ്യും.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ടിക്കറ്റ് ബുക്കിങ്ങിലുണ്ടാവുന്ന അനാവശ്യ ഇടപെടലുകള്‍ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു റെയില്‍വേ. ഇക്കഴിഞ്ഞ ജൂലായിലാണ് തത്കാല്‍ ബുക്കിങ്ങില്‍ ഒടിപിയിലൂടെ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഐആര്‍സിടിസി വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്ലിക്കേഷനിലൂടെ ആധാര്‍ ഓതന്റിക്കേറ്റഡ് ഉപയോക്തകാക്കള്‍ക്ക് മാത്രമേ റിസര്‍വ്ഡ് ജനറല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കു എന്ന മാറ്റവും റെയില്‍വേ മന്ത്രാലയം നടപ്പാക്കിയിരുന്നു.




