ഇരിയണ്ണി : ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന മൂന്ന് ദിവസത്തെ ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഇരിയണ്ണിയിലേയും പരിസരപ്രദേങ്ങളിലേയും കിടപ്പുരോഗികളെ സന്ദര്‍ശിച്ച് ഓണക്കോടി സമ്മാനിച്ചു. ക്യാമ്പിന് തുടക്കം കുറിച്ചു കൊണ്ട് പിടിഎ പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ എസ് എ ജൂലി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എ എം അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ബാബുരാജ് മഞ്ചക്കല്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി ശുചീന്ദ്രനാഥ്, എസ് ആര്‍ ജി കണ്‍വീനര്‍ കെ മിനീഷ് ബാബു ആശംസകളര്‍പ്പിച്ചു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സി കെ ബാലകൃഷ്ണന്‍ ക്യാമ്പ് വിശദീകരണം നടത്തി. എസ് പി സി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ രാമകൃഷ്ണന്‍ വ്യക്തിത്വ വികസസനത്തക്കുറിച്ചും ശുചിത്വമിഷന്‍ ഫാക്കല്‍ട്ടി അബ്ദുല്‍ ഹക്കീം മാലിന്യസംസ്‌കരണത്തെക്കുറിച്ചും കാസറഗോഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ റോഡ് സുരക്ഷയെ കുറിച്ചും ക്ലാസുകളെടുത്തു. കൂറ്റിക്കോല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ അസിസ്റ്റന്റ് ഫയര്‍ ഒഫിസര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ കേഡറ്റുകള്‍ക്ക് പ്രഥമശുശ്രൂഷ, സിപിആര്‍, തീ കെടുത്തല്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കി. പരേഡ്, സൂംബ പരിശീലനം, പരിസരശുചീകരണം, പൂന്തോട്ട പരിപാലനം, ഓണാഘോഷം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. എസ് പി സി കമ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ സി സിമിഷ സ്വാഗതവും അഡീഷണല്‍ കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ബി ഷിഹാസ് നന്ദിയും പറഞ്ഞു.
കിടപ്പുരോഗികള്‍ക്ക് ഓണക്കോടി സമ്മാനിച്ച് ഇരിയണ്ണി സ്‌കൂളിലെ ‘കുട്ടിപ്പോലീസ്’




