വീണ്ടും വന്യജീവി ആക്രമണം: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ 62-കാരനായ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം; മരിച്ചത് തമിഴ്നാട് സ്വദേശി

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശിക്കാണ് ദാരുണാന്ത്യം. തലക്കുളം എസ്റ്റേറ്റില്‍വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ച തേവര്‍ (62) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പ്രദേശത്ത് രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.

തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കര്‍ ഭാഗത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഒച്ച തേവര്‍ക്ക് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസര്‍ പറയുന്നു. ഡിഎഫ്ഒ ഉള്‍പ്പെടെ ഉള്ളവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ട്. വനം വകുപ്പ് ആര്‍ആര്‍ടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങിവരികയാണ് പതിവ്.

കാട്ടാനയുടെ മുന്നില്‍പെട്ട് യുവാവ്; അത്ഭുത രക്ഷ
ഇടുക്കി: മൂന്നാര്‍ ടൗണില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് യുവവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് സംഭവം. മൗണ്ട് കാര്‍മല്‍ ചര്‍ച്ചിന് സമീപമാണ് കാട്ടാന എത്തിയത്. ആനയുടെ മുന്‍പില്‍പ്പെട്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടാന വ്യാപകമായി കൃഷിനാശവും ഉണ്ടാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Scroll to Top