കാസര്‍കോട് നഗരത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഏറെ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് എം.ജി. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഷോബിക,മൈജി, മാള്‍ ഓഫ് കാസര്‍കോട് തുടങ്ങിയ സ്ഥാപനങ്ങളുടെ മുന്‍വശത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കെട്ടിട ഉടമകളുമായി പ്രാഥമിക ചര്‍ച്ചകളും സ്ഥലപരിശോധനയും ഇതിനകം നടത്തി. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷാഹിന സലീമിന്റെ മുന്‍കൈയില്‍, കാസര്‍കോട് എം.എല്‍.എ ശ്രീ. കലട്ര മാഹിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ്, കെട്ടിട ഉടമകളെ പ്രതിനിധീകരിച്ച് ശ്രീ. കരീം (സിറ്റി ഗോള്‍ഡ്), യു.കെ. യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍, നിലവില്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ ഉടമകളുടെ സ്വന്തം ഭൂമിയാണെന്നും യാതൊരു തരത്തിലുള്ള കയ്യേറ്റവും നടത്തിയിട്ടില്ലെന്നും കെട്ടിട ഉടമകള്‍ വ്യക്തമാക്കി.
അതേസമയം, നഗരത്തിലെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡിന് ആവശ്യമായ വീതി വര്‍ധിപ്പിക്കുന്നതിന് കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ള സ്ഥലം സ്വമേധയാ വിട്ടുനല്‍കണമെന്ന് യോഗം ഉടമകളോട് അഭ്യര്‍ത്ഥിച്ചു. ഇതിന് കെട്ടിട ഉടമകളുടെ ഭാഗത്തുനിന്നും വളരെ അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്.
തുടര്‍ന്ന് നടന്ന സ്ഥലപരിശോധനയില്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, കെട്ടിട ഉടമകള്‍ എന്നിവര്‍ പങ്കെടുത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
കെട്ടിട ഉടമകള്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍, ആധുനിക രീതിയില്‍ റോഡ് നവീകരിക്കുകയും ഡ്രെയിനേജ്, ഫുട്പാത്ത് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും എം.എല്‍.എ ശ്രീ. കലട്ര മാഹിന്‍ ഉറപ്പുനല്‍കി.
ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട പി.കെ. ബഷീറുമായി ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. മന്ത്രി ഉടന്‍ കാസര്‍കോട് സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട പ്രദേശം നേരിട്ട് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തുടര്‍നടപടിയായി സമീപ പ്രദേശങ്ങളിലെ മറ്റ് കെട്ടിട ഉടമകളെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി, ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
കാസര്‍കോട് നഗരത്തിന്റെ ഗതാഗത വികസനത്തിനായി ജനപ്രതിനിധികളും നഗരസഭയും ബന്ധപ്പെട്ട കെട്ടിട ഉടമകളും ഒരുമിച്ച് മുന്നോട്ടുപോകുന്നതിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.




