ദില്ലി: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് രക്ഷപ്പെടുത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള 21 തീര്‍ഥാടകരുടെ സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ചു. ദുരന്തമുഖത്തുനിന്നുണ്ടായ അവരുടെ അനുഭവങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ അദ്ദേഹം, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നേപ്പാള്‍ സൈന്യത്തിനും സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും നന്ദി അറിയിച്ചു. തുടര്‍ന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാലുമായി ഫോണില്‍ സംസാരിച്ച ജയശങ്കര്‍, രക്ഷാദൗത്യത്തിന് നന്ദി അറിയിക്കുകയും ആവശ്യമായ ഏത് സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, 8 മലയാളികളെയും കാണാനില്ല
അതേസമയം നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനൊപ്പം 100 ഇന്ത്യന്‍ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിയ 96 ഇന്ത്യക്കാര്‍ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രളയത്തില്‍ എത്ര ഇന്ത്യക്കാര്‍ മരിച്ചെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളില്‍ തടസ്സപ്പെട്ടവരെ കണ്ടെത്താന്‍ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ടെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ ഡി ആര്‍ എഫ് (NDRF) സംഘത്തെ അയക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ നേപ്പാളിനെ അറിയിച്ചിട്ടുണ്ട്. ഇതിനായി നേപ്പാള്‍ സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. തകര്‍ന്ന ഗതാഗതമാര്‍ഗ്ഗങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ബെയ്‌ലി പാലങ്ങള്‍ അടക്കം നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തന ഏകോപനവും ഊര്‍ജിതമായി പുരോഗമിക്കുകയാണ്.




