നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും. ടണല്‍ രക്ഷാ സംഘം ഉടന്‍ യാത്ര തിരിക്കും. തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ചവരും യന്ത്ര സമാഗ്രികളും അയക്കാന്‍ തയ്യാറെന്ന് ഇന്ത്യ അറിയിച്ചു. നിലവില്‍ സാമ്പത്തിക സഹായമല്ല പകരം എന്‍ഡിആര്‍എഫ് അടക്കമുള്ള മറ്റ് സഹായമാണ് ഇന്ത്യ നല്‍കുക.
മെഡിക്കല്‍ ടീമിനെയും ഇന്ത്യ നേപ്പാളിലേക്ക് അയക്കും. ജനറേറ്ററും മരുന്നുമടക്കം 60 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇതുവരെ ഇന്ത്യ നേപ്പാളിന് നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിക്കുന്നതില്‍ കുറച്ചുകൂടെ സമയമെടുക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. നേപ്പാളില്‍നിന്ന് രാജ്യത്തേക്കുള്ള യാത്ര സൗകര്യമൊരുക്കും. അതിനായി ബെയിലി ബ്രിഡ്ജുകള്‍ ഇന്ത്യ കൂടുതലായി നിര്‍മിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളില്‍ കാണാതായ 60 മലയാളികളും സുരക്ഷിതരെന്ന് നോര്‍ക്ക വ്യക്തമാക്കിയിട്ടുണ്ട്. എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോര്‍ക്ക കൂട്ടിച്ചേര്‍ത്തു.
യുദ്ധകാല അടിസ്ഥാനത്തില്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
എന്നാല്‍ ടിബറ്റ് മേഖലയില്‍ തടയണ തകര്‍ന്നത്തിനും, കനത്ത മഴക്കും പിന്നാലെ രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചു.നിലവില്‍ 320 ഇന്ത്യക്കാരെ കുറിച്ച് യാതൊരുവിധ വിവരവും ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
അതിനിടെ നേപ്പാളില്‍ കുടുങ്ങിയ ആദ്യ സംഘം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള 21 അംഗ സംഘത്തെ വിമാനത്താവളത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സ്വീകരിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ചൈനയിലെയും നേപ്പാളിലെയും എംബസി ഉദ്യോഗസ്ഥരുമായി ജയ് ശങ്കര്‍ യോഗം ചേര്‍ന്നു .




