കോഴിക്കോട്: SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എന്‍ കാരശ്ശേരി. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെ സന്ദേശമാണ്. ശ്രീനാരായണ ആശയങ്ങള്‍ക്ക് എതിരാണ് വെള്ളാപ്പള്ളിയുടെ പ്രസംഗങ്ങളെന്നും എം എന്‍ കാരശ്ശേരി തുറന്നടിച്ചു.
എങ്ങിനെയാണ് നാരായണ ഗുരുവിന്റെ ശിഷ്യനായ ഒരാള്‍ക്ക് വെറുപ്പ് ഉള്ളില്‍ വെച്ചുകൊണ്ട് സംസാരിക്കാന്‍ പറ്റുന്നത്. നാരായണഗുരു ഉയര്‍ത്തിപ്പിടിച്ച സന്ദേശം അഹിംസയാണ്. അഹിംസ എന്ന് പറയുന്നത് ഒരാളെ വാള് കൊണ്ട് വെട്ടണമെന്നോ കൈകൊണ്ട് തല്ലണം എന്നൊന്നുമല്ല. വാക്കിനും മനോഭാവത്തിലുമാണ് അതെല്ലാം വേണ്ടത്.വെള്ളാപ്പള്ളി നടേശന്‍ മത രാഷ്ട്രവാദികളായവരുടെ സഖ്യ കക്ഷി ആയത് എങ്ങനെ? മുസ്ലീം ജനതയ്ക്ക് എതിരെ എങ്ങനെയാണ് വെള്ളാപ്പള്ളിക്ക് പറയാന്‍ സാധിക്കുന്നത്. മാന്‍ ഹോളില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സഹായം നല്‍കിയപ്പോള്‍ വര്‍ഗീയ പ്രചാരണം വെള്ളാപ്പള്ളി നടത്തി. ശ്രീനാരായണ ആശങ്ങള്‍ക്ക് എതിരാണ് വെള്ളാപ്പള്ളിയുടെ പ്രസംഗങ്ങള്‍ എന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.
അതേസമയം മുസ്ലിങ്ങള്‍ക്കെതിരല്ല മുസ്‌ലിം ലീഗിനെതിരാണ് തന്റെ വിമര്‍ശനമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജാതി പറഞ്ഞും മതം പറഞ്ഞും സംഘടിച്ചവര്‍ എവിടെ എത്തി എന്ന് ആലോചിക്കണം. മതമാണ് മതമാണ് പ്രശ്‌നമെന്ന് പറഞ്ഞവരെക്കുറിച്ച് ചര്‍ച്ചയില്ലെന്നും താന്‍ ആണ് അത് പറഞ്ഞതെങ്കില്‍ തന്റെ തല എടുത്തേനെയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.




