മത്സരവേദിയിലെയും താമസസ്ഥലത്തെയും ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ബിസിസിഐ ഉടന്‍ തന്നെ ഒരു നിരീക്ഷകനെ ജപ്പാനിലേക്ക് അയക്കും.
മുംബൈ: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിനായുള്ള സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും. താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ പ്രധാന താരങ്ങള്‍ക്ക് പകരം രണ്ടാം നിര ടീമിനെ അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി. സെപ്റ്റംബര്‍ 19-നാണ് ഐച്ചി-നാഗോയ ഏഷ്യന്‍ ഗെയിംസിന് തുടക്കമാകുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ വനിതാ ക്രിക്കറ്റ് മത്സരങ്ങളും സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ പുരുഷ ടീമിന്റെ മത്സരങ്ങളും നടക്കും.
മത്സരവേദിയിലെയും താമസസ്ഥലത്തെയും ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ബിസിസിഐ ഉടന്‍ തന്നെ ഒരു നിരീക്ഷകനെ ജപ്പാനിലേക്ക് അയക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ടീമിനെ തീരുമാനിക്കുക. ഡ്രസ്സിങ് റൂമുകള്‍ ടെന്റുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതും അതില്‍ നിന്നും ഏകദേശം 500 മീറ്റര്‍ അകലെ മാത്രമാണ് വാഷ്റൂം സൗകര്യമുള്ളത് എന്നതും ബിസിസിഐ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഹോട്ടല്‍ മുറികള്‍ വളരെ ചെറുതാണെന്നും കിറ്റ് ബാഗുകള്‍ വെച്ചാല്‍ നടക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഏഷ്യന്‍ ഗെയിംസിന് രണ്ടാം നിര ടീമിനെ അയക്കാന്‍ ബോര്‍ഡ് തീരുമാനിച്ചാല്‍ മലയാളി താരം സഞ്ജു സാംസണിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. സിംബാബ്വെക്കെതിരായ ടി20 പരമ്പരയില്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജുവിനെ ഏഷ്യന്‍ ഗെയിംസിനുള്ള പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാല്‍ സഞ്ജുവിനും പുറത്തിരിക്കേണ്ടി വന്നേക്കും. അതേസമയം, അടുത്ത ആഴ്ച ചെന്നൈയിലെത്തുന്ന സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ പരിശീലനം നടത്തും. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കഠിനാധ്വാനം ചെയ്യുകയാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.
2023-ല്‍ ചൈനയിലെ ഹാങ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. മഴ കാരണം ഉപേക്ഷിച്ച പുരുഷ വിഭാഗം ഫൈനലില്‍ മികച്ച സീഡിംഗിന്റെ ബലത്തിലാണ് ഇന്ത്യ അന്ന് അഫ്ഗാനിസ്ഥാനെ മറികടന്ന് സ്വര്‍ണം സ്വന്തമാക്കിയത്. നേരത്തെ, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, സഞ്ജു സാംസണ്‍, തിലക് വര്‍മ്മ, അഭിഷേക് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖരടങ്ങിയ ശക്തമായ പുരുഷ ടീമിനെയും ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ശക്തമായ വനിതാ ടീമിനെയുമായിരുന്നു ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സൗകര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ഈ പ്രമുഖ താരങ്ങള്‍ക്ക് പകരം ബി ടീമിനെ അയക്കാനാണ് നിലവിലെ നീക്കം.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.




