ഹല്‍ദ്വാനിയില്‍ നടന്ന ശുദ്ധീകരണ ചടങ്ങിനെയും കുറിച്ചുള്ള വസ്തുതകള്‍ പരിശോധിക്കാതെ രാഹുല്‍ ഗാന്ധി സംസാരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്
ഡല്‍ഹി: ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ടഅമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299 എസ്.സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. ഖാര്‍ഗെയുടെ വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഭയപ്പെടുത്തി പിന്മാറ്റാമെന്ന് കരുതേണ്ടെന്ന് നേതാക്കള്‍ പ്രതികരിച്ചത്. ഉത്തരാഖണ്ഡിലെ ഓരോ പോലീസ് സ്റ്റേഷനിലും പരാതി നല്കി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കം.
ഓഗസ്റ്റ് 29ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹല്‍ദ്വാനിയില്‍ നടന്ന ശുദ്ധീകരണ ചടങ്ങിനെയും കുറിച്ചുള്ള വസ്തുതകള്‍ പരിശോധിക്കാതെ രാഹുല്‍ ഗാന്ധി സംസാരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ചടങ്ങിനെ അയിത്തം ആചരിക്കലായും പട്ടികജാതി വിഭാഗത്തിനെതിരെയുള്ള അതിക്രമമായും രാഹുല്‍ ഗാന്ധി തെറ്റായി ചിത്രീകരിച്ച് സംസാരിച്ചുവെന്നും, ഇത് വിഭാഗീയതയ്ക്കും ശത്രുതയ്ക്കും കാരണമാകുമെന്നും പരാതിയില്‍ ആരോപിക്കുന്നു.സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിഷയം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഹല്‍ദ്വാനി സിറ്റി പോലീസ് സൂപ്രണ്ട് വ്യക്തമാക്കുന്നത്.




