യുപിഐ ഇനി 10 രാജ്യങ്ങളില്‍ ഉപയോഗിക്കാം; ഉസ്‌ബെക്കിസ്ഥാനുമായി ഇന്ത്യ കരാറിലേര്‍പ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ പ്രഖ്യാപിച്ചത്

ഉസ്ബെക്കിസ്ഥാനിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കും ബിസിനസ് യാത്രികര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇനി തങ്ങളുടെ പതിവ് യുപിഐ ആപ്പുകള്‍ (UPI App) ഉപയോഗിച്ച് രാജ്യത്തെ ദേശീയ ക്യുആര്‍ കോഡായ ‘UZQR’ സ്‌കാന്‍ ചെയ്ത് വ്യാപാരികള്‍ക്ക് തല്‍ക്ഷണം പണമടയ്ക്കാം.
ഇന്ത്യയുടെ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്റെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും (NIPL), ഉസ്ബെക്കിസ്ഥാനിലെ ദേശീയ പേയ്മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്റര്‍ബാങ്ക് പ്രോസസ്സിങ് സെന്ററും (NIPC) ഓഗസ്റ്റ് 30ന് വാണിജ്യ കരാറില്‍ ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉസ്ബെക്കിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും (CBU) അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അതിര്‍ത്തി കടന്നുള്ള പേയ്മെന്റ് സേവനങ്ങള്‍ക്കായി എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡിന്റെ അംഗീകൃത പങ്കാളിയായി ഉസ്ബെക്കിസ്ഥാന്റെ ദേശീയ പേയ്മെന്റ് സംവിധാനമായ ‘HUMO’യെ സെന്‍ട്രല്‍ ബാങ്ക് നിയോഗിച്ചതായി ഓഗസ്റ്റ് 31ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Scroll to Top