ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കുന്ന നമസ്‌തേ കളക്ടര്‍ പരിപാടിയില്‍ മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ പങ്കെടുത്ത് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിച്ചു. നമസ്‌തേ കളക്ടര്‍ പതിനാലാമത്തെ ആഴ്ചയാണ്.
25 ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകളും മൂന്ന് അധ്യാപകരും ആണ് ബുധനാഴ്ച പരിപാടിയില്‍ പങ്കെടുത്തത്. സ്‌കൂളിന് സമീപമുള്ള റോഡില്‍ സീബ്രാ ലൈന്‍ വേണമെന്നുള്ള ആവശ്യം കുട്ടികള്‍ ഉന്നയിച്ചു. പഞ്ചായത്ത് റോഡ് ആയതിനാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. സിവില്‍ സര്‍വീസിനെ കുറിച്ച് കുട്ടികളുടെ സംശയത്തിന് മറുപടി നല്‍കി. പങ്കെടുത്ത കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കുട്ടികളോടൊപ്പം . ഫോട്ടോ എടുത്താണ് പിരിഞ്ഞത്. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ എം വിനോദും പങ്കെടുത്തു. ഓണ പരീക്ഷ, ഓണാവധി കാരണം കുട്ടികളുടെ അസൗകര്യം പരിഗണിച്ച് കഴിഞ്ഞ മാസം നമസ്തേ കളക്ടര്‍ പരിപാടിയുണ്ടായിരുന്നില്ല.
ജില്ലാ ഭരണകൂടവും കുട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നമസ്‌തേ കളക്ടര്‍.
എല്ലാ ബുധനാഴ്ചകളിലാണ് നമസ്‌തേ കളക്ടര്‍ നടത്തുന്നത്. സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുമായി ജില്ലാ കളക്ടര്‍ നേരിട്ട് സംവദിക്കുന്നതാണ് പരിപാടി. നമസ്‌തേ കളക്ടറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.




