ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതി; മരണം 20 കടന്നു, വീണ്ടും മഴ മുന്നറിയിപ്പില്‍ ജനങ്ങള്‍ ആശങ്കയില്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ മരണസംഖ്യ 20 കടന്നു, നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഉത്തര്‍പ്രദേശില്‍ പതിനാറായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ മരണം 20 കടന്നു. പല സംസ്ഥാങ്ങളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ പതിനാറായിരം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി.

പ്രളയക്കെടുതിയോടൊപ്പം വീണ്ടും മഴ മുന്നറിയിപ്പ് നല്‍കിയതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക കൂട്ടുകയാണ്. പല സംസ്ഥാങ്ങളിലും ഇപ്പോഴും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തില്‍ 2 ബി എസ് എന്‍ എല്‍ തൊഴിലാളികള്‍ മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ ആകെ മരണം 20 കടന്നു. ഇപ്പോഴും ശക്തമായ മഴ പല സംസ്ഥാനങ്ങളിലും തുടരുകയാണ്. മധ്യപ്രദേശില്‍ പ്രധാന റോഡുകളില്‍ വെള്ളം കയറി. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍നിന്നായി പതിനാറായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

കനത്ത മഴ 23 ജില്ലകളെ നേരിട്ട് ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡില്‍ ഇപ്പോള്‍ മഴക്ക് ശമനമുണ്ട്. എന്നാല്‍ വിവിധ ജില്ലകള്‍ക്ക് യെല്ലോ, റെഡ് അലെര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ തന്റെ ലോക്‌സഭ മണ്ഡലമായ വാരാണസിയിലെ സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മോദി നിര്‍ദേശം നല്‍കി. വാരാണസി മേയറോടും ജില്ലാ മജിസ്‌ട്രേറ്റിനോടും മോദി സംസാരിച്ചു. ഈ മാസം 6 വരെ വിവിധ സംസ്ഥാങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Scroll to Top