മുല്ലപ്പെരിയാര്‍ നടന്ന പരിശോധന തൃപ്തികരമാണെന്നും വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോന്‍സ് ജോസഫ്. സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിന്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കോട്ടയം: മുല്ലപെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിന്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. മുമ്പ് തൃപ്തികരമായ പരിശോധന നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം പരിശോധന നടന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കേരളം ആശങ്കകള്‍ അടക്കം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ സമഗ്ര സുരക്ഷാ പരിശോധന പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇപ്പോള്‍ നടന്ന പരിശോധന തൃപ്തികരമാണ്. പക്ഷെ കുറച്ച് കൂടി വിശദമായ പരിശോധന വേണം. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന പരിശോധന നടക്കണം. തുടര്‍ പരിശോധനകള്‍ വേണം എന്ന ആവശ്യം ആണ് കേരളം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലവിലെ പരിശോധന റിപ്പോര്‍ട്ട് അനുസരിച്ചു തുടര്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചര്‍ച്ച നടത്തിയിരുന്നു. ഒരുദിവസം മാത്രം പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുള്ള ആശങ്ക സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായ ഉദ്യോഗസ്ഥര്‍ വിദഗ്ധ സമിതിയെ അറിയിച്ചിട്ടുണ്ട്. ഘടനാപരമായ പരിശോധന അടക്കം വിശദമായ പരിശോധന നടക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
വിസി നിയമനത്തില്‍ മുന്‍ സര്‍ക്കാര്‍ ഒരു ഒത്തുതീര്‍പ്പും നടത്തിയിട്ടില്ല, ഉന്നത വിദ്യാഭ്യാസ മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാജീവ്
മുല്ലപെരിയാര്‍ അണക്കെട്ടില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു.




