Advertisement

കെ.എ.ടി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ‘കര്‍മ്മ രത്‌ന’ അവാര്‍ഡ് എം.കെ അലി മാസ്റ്റര്‍ക്ക്

By kcnchannel / September 4, 2026

കാസര്‍കോട്: അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ‘കര്‍മ്മ രത്‌ന’ അവാര്‍ഡിന് വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും പ്രമുഖ പൊതുപ്രവര്‍ത്തകനുമായ എം.കെ അലി മാസ്റ്റര്‍ അര്‍ഹനായി. അധ്യാപക സംഘടനാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക രംഗത്തും പതിറ്റാണ്ടുകളായി അദ്ദേഹം നല്‍കിയ സമഗ്രവും അമൂല്യവുമായ സംഭാവനകളെ മാനിച്ചാണ് ഈ പുരസ്‌കാരം.
32 വര്‍ഷത്തോളം കെ.എ.ടി.എഫിന്റെ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപകരുടെ അവകാശ സമരങ്ങളിലും ഭാഷാ ന്യൂനപക്ഷ വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.
പ്രധാന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും:

  • 1990-ലെ സാക്ഷരതാ യജ്ഞത്തില്‍ കാസര്‍കോട് ജില്ലയുടെ 100 ശതമാനം പങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു.
  • 2010 മുതല്‍ 2015 വരെ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയും ഭരണകാലയളവിലെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
  • സിറ്റിസണ്‍ ഫോറത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജനങ്ങള്‍ക്കായി ഇടപെട്ടു. സാധാരണക്കാരുടെ റേഷന്‍ കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകളില്‍ നേരിട്ടിടപെട്ട് പരിഹാരം കണ്ടു.
  • അധ്യാപകരുടെ പി.എസ്.സി നിയമനം, പ്രൊമോഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെട്ടു.
  • 1984-ല്‍ കാസര്‍കോട് ജില്ല രൂപീകൃതമായ സമയത്ത് പി.എസ്.സി നിയമനത്തിലുണ്ടായ അനാസ്ഥക്കെതിരെ 600-ലധികം ഉദ്യോഗാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് കെ.എ.ടി.എഫിന്റെ നേതൃത്വത്തില്‍ ഡി.ഡി.ഇ (DDE) ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ സമരങ്ങളിലൂടെ അധ്യാപകരുടെ നിയമനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
  • ജില്ലയിലെ 85 കന്നഡ മീഡിയം വിദ്യാലയങ്ങളില്‍ മലയാളം ഭാഷാ പഠനം ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തു. എതിര്‍പ്പുകളെ മറികടന്ന്, ഈ നീക്കം മാതൃഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
  • വിദ്യാലയ സമീപന രേഖയില്‍ അറബിക് ഭാഷയെ തഴഞ്ഞതിനെതിരെയും കരിക്കുലം കമ്മിറ്റിയുടെ ഭാഷാവിരുദ്ധ നിലപാടിനെതിരെയും വിദ്യാലയങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
  • 1980-ല്‍ ഉപ്പള ഗവണ്‍മെന്റ് ഹൈസ്‌കൂളിലുണ്ടായ വലിയൊരു സംഘര്‍ഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ രമ്യമായി പരിഹരിക്കുന്നതിന് നേതൃത്വം നല്‍കി.
    ഒരു മികച്ച അധ്യാപകന്‍, മികച്ച സംഘാടകന്‍, മാധ്യമപ്രവര്‍ത്തകന്‍, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം കാസര്‍കോടിന്റെ സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുള്ള ആദരവായാണ് കെ.എ.ടി.എഫ് ‘കര്‍മ്മ രത്‌ന’ അവാര്‍ഡ് നല്‍കുന്നത്.
    പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അസീസ് മരിക്കെ, കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ എം യഹിയാഖാന്‍, വി പി യൂസഫ്, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സത്താര്‍ ആതവനാട്, ഓര്‍ഗനൈസിങ് സെക്രട്ടറി ഇബ്രാഹിം കരീം ഉപ്പള, ഹെഡ് കോര്‍ട്ടേഴ്‌സ് സെക്രട്ടറി ബി എച്ച് നൗഷാദ് സംബന്ധിച്ചു.