ഇരിയണ്ണി : സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച പുരാവസ്തു-കരകൗശല പ്രദര്‍ശനം ചരിത്രത്തെയും സംസ്‌കാരത്തെയും കലയെയും കുട്ടികളിലേക്ക് എത്തിക്കുന്ന മികച്ച വേദിയായി. പഴയ നാണയങ്ങളുടെയും സ്റ്റാംപുകളുടെയും ശേഖരം, നാഴി, ഇടങ്ങഴി, കൊണ്ട, മന്ത്, മെതിയടി, തൊടങ്കല്‍, പഴയ ഡയല്‍ ഫോണ്‍, ഇസ്തിരിപ്പെട്ടി, ടേപ് റെക്കോര്‍ഡര്‍, കാസറ്റ്, മധുപാനി, കൈമരി, ചിമ്മിനി കൂട്, ചെത്തുകത്തി, മഞ്ചാടിപ്പലക, കോളാമ്പി, ഇടയ്ക്ക, പഴയ ടോര്‍ച്ച് , കാടിപ്പലക, അടിച്ചുറ്റി, മകുട, മരത്തില്‍ നിര്‍മ്മിച്ച സ്‌കൂള്‍ ഹാളിന്റെ മാതൃക, ചിരട്ടയിലും പാഴ്വസ്തുക്കളിലും നിര്‍മ്മിച്ച കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ കൗതുകമുണര്‍ത്തി. ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള, ഗണിത മേള, ഐ ടി മേള, പ്രവൃത്തിപരിചയ മേള എന്നിവ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്നു.
ശാസ്ത്രോത്സവം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക്കിലെ ക്ലാര്‍ക്ക്‌സണ്‍ യൂണിവേഴ്സിറ്റി റിസര്‍ച്ച് അസോസിയേറ്റുമായ ഡോ. ശ്രീകേഷ് മുണ്ടക്കൈ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 2006 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം വിദ്യാലയ സ്മരണകളും ഐഐടി യിലെ ഗവേഷണാനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. പിടിഎ പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സജീവന്‍ മടപ്പറമ്പത്ത് മുഖ്യാതിഥിയെ പൊന്നാട അണിയിച്ചു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി സുചീന്ദ്രനാഥ്, എസ് ആര്‍ ജി കണ്‍വീനര്‍ കെ മിനീഷ് ബാബു, അനു മുകുന്ദന്‍, പി ഉഷാനന്ദിനി, മഞ്ജു, എം കെ പ്രസന്ന, ബി ഷിഹാസ് പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എ എം അബ്ദുല്‍ സലാം സ്വാഗതവും സീനിയര്‍ അധ്യാപിക ബേബി സുമതി നന്ദിയും പറഞ്ഞു.




